
അങ്കമാലി: അങ്കമാലി അർബൻ സഹകരണസംഘം നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് അക്കൗണ്ടന്റിനെ അറസ്റ്റുചെയ്തു. അങ്കമാലി പുളിയനം പീച്ചാനിക്കാട് കൂരൻ പുളിയപ്പിള്ളിവീട്ടിൽ ഷിജുവിനെയാണ് (45) അങ്കമാലി പൊലീസ് അറസ്റ്റുചെയ്തത്. ജില്ലാ സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
അനർഹർക്ക് ലോണുകൾ അനുവദിച്ച് പണാപഹരണവും ക്രമക്കേടും നടത്തി സഹകരണസംഘത്തിന് 55കോടിരൂപയുടെ ബാദ്ധ്യത വരുത്തിയെന്നാണ് പരാതി. 13 ഭരണസമിതി അംഗങ്ങളും ആറ് ജീവനക്കാരും ഉൾപ്പെടെ 19പേരാണ് പ്രതിപ്പട്ടികയിലുള്ളത്. സംഘവുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തികളുടെ പേരിൽ വ്യാജരേഖകളുണ്ടാക്കി പണം തട്ടിയതായും പരാതിയുണ്ട്. ഇൻസ്‌പെക്ടർ പി. ലാൽകുമാർ, എസ്.ഐമാരായ കുഞ്ഞുമോൻ തോമസ്, എം.എസ്. ബീജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.