കൊച്ചി: കാക്കനാട് ഇൻഫോപാർക്ക് റോഡിലെ സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിലെ കുർബാന വിഷയത്തിൽ ക്രമസമാധന പ്രശ്‌നങ്ങളൊന്നും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ ഹൈക്കോടതി പൊലീസിന് നിർദ്ദേശം നൽകി.

പള്ളിയിലെ ചടങ്ങുകൾ തടസമില്ലാതെ നടത്താൻ സംരക്ഷണം തേടി വികാരി ഫാ. ആന്റണി മങ്കൂരിയിൽ നൽകിയ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. കുർബാന അർപ്പിക്കാൻ പൊലീസ് സംരക്ഷണം വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ തന്റെ ഇഷ്ടപ്രകാരം കുർബാന അർപ്പിക്കാനാണ് വികാരി ശ്രമിക്കുന്നതെന്ന് എതിർകക്ഷികളായ ഏതാനും ഇടവകക്കാർ ആരോപിച്ചു. കുർബാന എങ്ങനെയാകണം എന്നത് സംബന്ധിച്ച തർക്കമാണ് പ്രശ്‌നത്തിന് കാരണം എന്നായിരുന്നു സർക്കാരിന്റെ വിശദീകരണം.
ഒരേ പള്ളിയുടെ ഭാഗമായ വിശ്വാസികൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ പരിഷ്‌കൃത സമൂഹത്തിന് ഉൾക്കൊള്ളാവുന്നതല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. പള്ളിയുടെ കാര്യത്തിൽ വികാരിക്കാണോ അധികാരം എന്നടക്കമുള്ള വിഷയങ്ങൾ, കേസ് നിലവിലുള്ള സിവിൽ കോടതിയിൽ ഉന്നയിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.