പറവൂർ: മുൻ വോളിബാൾ താരം കരിമ്പാടം സത്യനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. വീട്ടിൽനിന്ന് ദുർഗന്ധം വമിച്ചപ്പോഴാണ് സമീപവാസികൾ അറിഞ്ഞത്. മൃതദേഹത്തിന് അഞ്ചുദിവസത്തോളം പഴക്കമുണ്ടായിരുന്നു. കരിമ്പാടം കുന്നുകാട്ടിൽ കെ.കെ. സത്യൻ (76) എന്നാണ് യഥാർത്ഥ പേര്. പോസ്റ്രുമോർട്ടത്തിനുശേഷം ഇന്ന് സംസ്കരിക്കും. ഒരു മകളുണ്ട്. വിവാഹബന്ധം വേർപിരിഞ്ഞശേഷം ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
-------------------------------------------
കരിമ്പാടം സത്യൻ എഴുപതുമുതൽ ഒന്നര പതിറ്റാണ്ടോളം വോളിബാൾ പ്രേമികളുടെ ഇഷ്ടതാരമായിരുന്നു. ഉയരക്കുറവിനെ ബുദ്ധികൊണ്ട് മറികടക്കുന്ന വിസ്‌മയ താരമായിരുന്നു. 1970 മുതൽ 1980വരെ ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിച്ച സത്യൻ ആർമി സപ്ലൈകോറിന് മിന്നുന്ന വിജയങ്ങൾ സമ്മാനിച്ചു. അക്കാലത്ത് കർണാടക കേന്ദ്രീകരിച്ച് നടന്നിരുന്ന കളികളിൽ സത്യന്റെ കട്ടിംഗ് സ്‌മാഷുകൾക്ക് ഒട്ടേറെ ആരാധകരുണ്ടായിരുന്നു. എച്ച്.എം.ടി, പ്രീമിയർ ടയേഴ്‌സ്, സർവീസസ് തുടങ്ങിയ ടീമുകൾക്കുവേണ്ടി അതിഥി താരമായും കളിച്ചിട്ടുണ്ട്. എതിരേനിൽക്കുന്ന ഉയരക്കാരായ ദേശീയ, അന്തർദേശീയ താരങ്ങൾക്ക് തടുക്കാൻ കഴിയുന്നതിലും വേഗത്തിലായിരുന്നു അഞ്ചടി ഏഴിഞ്ച് മാത്രം ഉയരമുള്ള സത്യന്റെ സ്‌മാഷുകൾ. സത്യൻ കരിമ്പാടം സ്പോർട്ടിംഗ് സ്‌റ്റാർ എന്ന ക്ലബിലൂടെയാണ് കളിച്ചുവളർന്നത്. ഇവിടെനിന്ന് നിരവധി പേർ ദേശീയതാരങ്ങളായിട്ടുണ്ട്.