ആലുവ: കിഴക്കേ കടുങ്ങല്ലൂർ ശ്രീഭുവനേശ്വരി മഹാദേവി ക്ഷേത്രത്തിലെ തിരുവുത്സവം ഇന്നു മുതൽ 12 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ.പി. സുരേന്ദ്രൻ, സെക്രട്ടറി കെ.എ. പ്രകാശൻ എന്നിവർ അറിയിച്ചു.

ഇന്നു പുലർച്ചെ മുതൽ പ്രത്യേകപൂജകൾക്ക് ശേഷം വൈകിട്ട് ഏഴിനും 7.30നും മദ്ധ്യേ ക്ഷേത്രം തന്ത്രി അഴകത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി ടി.പി. സൗമിത്രൻ തന്ത്രിയുടെയും മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് നടക്കും.

തുടർന്നുള്ള ദിവസങ്ങളിൽ പ്രത്യേക പൂജകൾക്ക് പുറമെ തിരുവാതിരകളി, നവീനകൈകൊട്ടിക്കളി, സംഗീതാർച്ചന, കരോക്കെ ഗാനമേള, പ്രഭാഷണം, നാരായണീയപാരായണം, കരോക്കെ ഭക്തിഗാനമേള, കുറത്തിയാട്ടം എന്നിവയുണ്ടാകും.

11ന് വൈകിട്ട് അഞ്ചിന് കണിയാംകുന്നിൽ നിന്നും പകൽപ്പൂരം പുറപ്പെടും. 12ന് രാവിലെ 11ന് ആറാട്ട് സദ്യ, വൈകിട്ട് അഞ്ചിന് താളമേളങ്ങളുടെ അകമ്പടിയോടെ ആറാട്ട് പുറപ്പെടൽ, തുടർന്ന് ആലുവ ശിവക്ഷേത്ര സന്നിധിയിൽ ആറാട്ട്. രാത്രി കൊടിയിറക്കലോടെ ഉത്സവത്തിന് സമാപനമാകും.