 
വൈപ്പിൻ: പൗരത്വ നിയമ ഭേദഗതി മുസ്ലീങ്ങളെ മാത്രമല്ല എല്ലാ മതവിഭാഗങ്ങളെയും ബാധിക്കുമെന്ന കത്തോലിക്കാസഭയുടെ അഭിപ്രായം അഭിനന്ദനാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൽ.ഡി.എഫ് വൈപ്പിൻ മണ്ഡലം കമ്മറ്റി ചെറായി ശ്രീനാരായണനഗറിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പൗരത്വത്തിന്റെ അടിസ്ഥാനം മതമാകരുത്. അഭയാർത്ഥികളെ മതം നോക്കി പരിഗണിക്കുന്ന നിയമം തെറ്റാണെന്ന് സുഹൃദ്‌രാഷ്ട്രങ്ങളും ഐക്യരാഷ്ട്രസഭയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പൗരത്വ നിയമത്തെക്കുറിച്ച് കോൺഗ്രസ് നിശബ്ദത പാലിക്കുന്നതിൽ ജനങ്ങൾക്ക് ആശങ്കയുണ്ട്.
പ്രളയം, കാലവർഷക്കെടുതി, കൊവിഡ് തുടങ്ങിയ ദുരന്തങ്ങളിൽ കേന്ദ്രത്തിൽ നിന്ന് ഒരുസഹായവും ലഭിച്ചില്ല. സഹായിക്കാൻ തയ്യാറായവരെ തടഞ്ഞു. കേരളത്തിന് ലഭിക്കേണ്ട 1,07,500 കോടി രൂപയാണ് കേന്ദ്രം തടഞ്ഞു വച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ, എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ, എ.പി. പ്രീനിൽ എന്നിവർ പ്രസംഗിച്ചു. പ്രൊഫ.കെ.വി. തോമസ്, മന്ത്രി പി. രാജീവ്, സി.പി.,എം. നേതാക്കളായ സി.എൻ. മോഹനൻ, കെ.എം. സുധാകരൻ, ഗോപി കോട്ടമുറിക്കൽ, എസ്. ശർമ്മ, സി.പി.ഐ. നേതാക്കളായ പി. രാജു, കമല സദാനന്ദൻ, ഘടക കക്ഷി നേതാക്കളായ അനിൽ കാഞ്ഞിലി, ചാൾസ് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.