ഫോർട്ട്കൊച്ചി: കൊച്ചിയിലെ പുതുവത്സരാഘോഷത്തിൽ അലങ്കാര ദീപങ്ങൾ ഒരുക്കിയതിന് കോർപ്പറേഷൻ 70 ലക്ഷം രൂപ ചെലവഴിച്ചെന്ന രേഖയെ ചൊല്ലി വിവാദം. കൊച്ചിയിലെ ആഘോഷങ്ങൾക്ക് കാർണിവൽ കമ്മിറ്റിയും ക്ലബുകളും അലങ്കാരമൊരുക്കുമ്പോൾ നഗരസഭയുടെ കണക്ക് അഴിമതിയാണെന്നാണ് ആക്ഷേപം.
ജനകീയപ്രവർത്തകൻ ഹാരീസ്അബുവിന് വിവരാവകാശ പ്രകാരം നൽകിയ രേഖയിലാണ് നഗരസഭ തിരഞ്ഞെടുത്ത ഡിവിഷനുകളിലെ അലങ്കാര ദീപങ്ങൾക്കും സൗണ്ട് സിസ്റ്റത്തിനുമായി 70ലക്ഷം രൂപ ചെലവഴിച്ചതായി വെളിപ്പെടുത്തിയത്. 40 ഫീറ്റ് റോഡ് 'സ്ട്രീറ്റ് അലങ്കാരം, വെളി മൈതാനിയിലെ ലൈറ്റ് ട്രീ, മറ്റു തെരുവ് അലങ്കാരങ്ങൾ എന്നിവ ഒരുക്കിയത് കൊച്ചിൻ കാർണിവൽ കമ്മിറ്റിയും പ്രാദേശിക ക്ലബുകളുമാണ്. ഇതിനായി ഏതാണ്ട് എട്ട് ലക്ഷം രൂപ മാത്രമാണ് ചെലവായതെന്ന് സംഘാടകർ ചൂണ്ടി ക്കാട്ടുമ്പോഴാണ് നഗരസഭയുടെ ചെലവ് ആരോപണ വിധേയമാകുന്നത്.
ചീനവല സ്ക്വയർ, വാട്ടർടാങ്ക്, വെളിപള്ളത്തു രാമൻ മൈതാനി, വെളി മൈതാനി പാതയോരം എന്നിവിടങ്ങളിലാണ് നഗരസഭ ദീപാലങ്കാരമൊരുക്കിയതെന്നാണ് ജനകീയ സംഘടനകൾ ചുണ്ടിക്കാട്ടുന്നത് . എന്നാൽ വിവിധ ഡിവിഷനുകളിലായി വൈദ്യുതി ദീപാലങ്കാരം, സൗണ്ട് സിസ്റ്റം എന്നിവയ്ക്കായി ലക്ഷങ്ങളാണ് നഗരസഭാ കണക്കിൽ ചെലവഴിച്ചത്. ഡിവിഷൻ ഒന്നിൽ (ഫോർട്ടു കൊച്ചി) മാത്രം 14,40,000 രൂപയാണ് അലങ്കാര ദീപങ്ങൾക്കായി ചെലവഴിച്ചത്. ഏട്ടിൽ (കുവപ്പാടം) 4,55,000 രൂപയും 21 ൽ 4,99,OOO രുപ , 27 ൽ 4,55,000 രൂപയും , 28 ൽ 5,47,000 രൂപയുമാണ് ചെലവഴിച്ചതെന്ന് പ്രാഥമിക രേഖകൾ വെളിപ്പെടുത്തുന്നത് .
28 ഡിവിഷനിലെ വെളി പള്ളത്തുരാമൻ മൈതാനിയാണ് നഗരസഭയുടെ പ്രധാനവേദിയെന്നാണ് അധികൃതർ ചുണ്ടിക്കാട്ടുന്നത്. കൊച്ചിൻ കാർണിവൽ ആഘോഷങ്ങൾക്കായി നഗരസഭ വാഗ്ദാനം ചെയ്ത ട്രോഫിയും സമ്മാനത്തുകയുമടക്കo ലക്ഷങ്ങൾ കുടിശികയായിരിക്കെയാണ് ഒരുക്കാത്ത അലങ്കാരത്തിന് ലക്ഷങ്ങൾ ചെലവഴിച്ചതെന്ന്
ജനകീയ സംഘടനകൾ ചുണ്ടിക്കാട്ടുന്നു.