-grape-soda
എറണാകുളം വൈറ്റില സ്വദേശി നിസാം മുന്തിസോഡാ വിൽപനയ്ക്കിടെ

കൊച്ചി: പൊള്ളുന്ന ചൂടിൽ വൈറലായി കൊച്ചിക്കാരൻ നിസാമിന്റെ മുന്തിരി സോഡ പരീക്ഷണം. വൈറ്റില സ്വദേശി നിസാമിന്റെ കലൂർ സ്റ്റേഡിയം റോഡിലെ തട്ടുകടയിൽ പുതുപാനീയത്തിന്റെ രുചി നുകരാൻ തിരക്കാണ്. നാല് മാസം മുൻപാണ് സ്റ്റേഡിയം ലിങ്ക് റോഡിനു സമീപത്ത് നിസാമും ഭാര്യ വിദ്യയും ചേർന്ന് ഒംനിവാനിൽ ജ്യൂസുകട തുടങ്ങിയത്. ഹോട്ടലുകളിലെ കുക്കായ നിസാമിന്റെ മനസിൽ ചൂട് കനത്തപ്പോൾ പൊട്ടിയ ലഡുവായിരുന്നു മുന്തിരി സോഡ.

മേക്കിംഗ് വീഡിയോ സുഹൃത്തുക്കൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ സംഗതി വൈറലായി. രാവിലെ തന്നെ മുന്തിരിസോഡ തേടി ആളെത്തും. ഓഫീസുകളിലേക്കും മറ്റും പത്തും പതിനഞ്ചും എണ്ണം ഒന്നിച്ച് വാങ്ങിക്കൊണ്ടു പോകുന്നവർ ഏറെ.


മുന്തിരി സോഡ
മുന്തിരിയുടെ പൾപ്പ്, സോഡ, അല്പം പഞ്ചസാര, കാന്താരി അരച്ചത് എന്നിവയ്‌ക്കൊപ്പം തണുത്ത സോഡ മിക്‌സ് ചെയ്ത് കുപ്പിയിലാക്കി തരും. കുപ്പി സിംഗിൾ യൂസാണ്. കുടിച്ചാൽ കളയുകയോ കൊണ്ടുപോവുകയോ ചെയ്യാം.

ദിവസം കുറഞ്ഞത് 300 എണ്ണമെങ്കിലും വിൽക്കും.

ദൂരദേശങ്ങളിൽ നിന്ന് പോലും മുന്തിരി സോഡ തേടിയെത്തുന്നവർ നിരവധി. പരീക്ഷണം വിജയിച്ചതിൽ സന്തോഷം.
-നിസാം

നിസാമിന്റെ ശീതള പാനീയങ്ങൾ

മുന്തിരി സോഡ - 40
മുന്തിരി പാൽസർബത്ത് -30
കാന്താരി സോഡാ- 20
റോസ് മിൽക്ക് -30
സോഡാ സംഭാരം - 30
സംഭാരം- 20