കൊച്ചി: നാമനിർദ്ദേശപത്രിക സമർപ്പിച്ചതോടെ ചാലക്കുടിയിലെ സ്ഥാനാർത്ഥികൾ തിരക്കിട്ട പര്യടനം ആരംഭിച്ചു. എൽ.ഡി.എഫിലെ പ്രൊഫ.സി. രവീന്ദ്രനാഥ് കൈപ്പമംഗലത്തും യു.ഡി.എഫിലെ ബെന്നി ബഹനാൻ മലക്കപ്പാറയും സന്ദർശിച്ചു. എൻ.ഡി.എയിലെ കെ.എ. ഉണ്ണികൃഷ്‌ണൻ കുന്നത്തുനാട്, പെരുമ്പാവൂർ മേഖലയിൽ പര്യടനം നടത്തി.

രവീന്ദ്രനാഥിനെ കാത്ത് ജനങ്ങൾ

എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ.സി. രവീന്ദ്രനാഥ് കൈപ്പമംഗലം മണ്ഡലത്തിൽ പൊതുപര്യടനം നടത്തി. അഴീക്കോട് ലൈറ്റ് ഹൗസിന് സമീപത്ത് നിന്നാരംഭിച്ച് എടവിലങ്ങ്, എടത്തിരുത്തി, എസ്.എൻ. പുരം, ഏറിയാട്, കൈപ്പമംഗലം, മതിലകം, പെരിഞ്ഞനം പഞ്ചായത്തുകളിൽ പര്യടനം നടത്തി കുട്ടമംഗലത്ത് സമാപിച്ചു. നാൽപതോളം സ്ഥലങ്ങളിൽ പ്രവർത്തകർ സ്വീകരണം നൽകി. കുട്ടികൾ മുതൽ വയോജനങ്ങൾ വരെ പ്രസംഗം കേൾക്കാൻ കാത്തുനിന്നു.

ഇ.ടി. ടൈസൻ എം.എൽ.എ, സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. അഷറഫ്, സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ. ചന്ദ്രശേഖർ, ജില്ലാ കമ്മിറ്റി അംഗം കെ.വി. രാജേഷ്, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം എ.ഡി. സുദർശൻ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ബി.എ. ഗോപി എന്നിവർ നേതൃത്വം നൽകി. ഇന്ന് കൊടുങ്ങല്ലൂരിലാണ് പര്യടനം.

ബെന്നി ബഹനാൻ ആദിവാസികൾക്കൊപ്പം

ആദിവാസിമേഖലയായ മലക്കപ്പാറയിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ പര്യടനം നടത്തിയത്. മുതിർന്ന വോട്ടർമാരെ കണ്ടും മലക്കപ്പാറയുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞുമായിരുന്നു സന്ദർശനം.

മയിലാടുമ്പാറ, നടുപ്പരട്ട, ചെക്ക് പോസ്റ്റ് ജംഗ്ഷൻ, കടമറ്റം, റോപ്പ് മറ്റം, പെരുമ്പാറ കോളനി, അടിച്ചിൽ തൊട്ടി കോളനി, ഷോളയാർ കോളനി, പോത്ത്പാറ കോളനി, തവളകുഴി പാറ കോളനി, വാച്മാരം കോളനി, പെരിങ്ങൽക്കുത്ത് കോളനി, പൊകലപാറ കോളനി, വാഴച്ചാൽ കോളനി തുടങ്ങിയവ സന്ദർശിച്ചു. ഇന്ന് കുറുപ്പംപടി ബ്ലോക്കിൽ പര്യടനം നടത്തും.

ഉണ്ണികൃഷ്ണൻ പ്രമുഖരെ കണ്ടു

എൻ.ഡി.എ. സ്ഥാനാർത്ഥി കെ.എ. ഉണ്ണികൃഷ്ണൻ തോട്ടുവ ധന്വന്തരി ക്ഷേത്രദർശനം നടത്തി പ്രസാദ ഊട്ടിലും പങ്കെടുത്തു, പെരുമ്പാവൂർ, കുന്നത്തുനാട് നിയമസഭാ മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തികളേയും സ്ഥാപനങ്ങളും സന്ദർശിച്ചു. ഓഫീസുകളിലും ജംഗ്ഷനുകളിലും വോട്ട് അഭ്യർത്ഥിച്ചു. കുന്നത്തുനാട് മണ്ഡലം കൺവെൻഷനിലും പങ്കെടുത്തു.

ചാർളി പോൾ വ്യാപാരകേന്ദ്രങ്ങളിൽ

ട്വന്റി 20 പാർട്ടിയുടെ അഡ്വ. ചാർളി പോൾ അഡ്വ. ചാർളി പോളിന്റെ രണ്ടാംഘട്ട പര്യടനം ചാലക്കുടി നഗരത്തിൽ ആരംഭിച്ചു. കലക്ടറേറ്റിൽ നാമനിർദേശ പത്രിക സമർപ്പിച്ച ശേഷമാണ് ചാലക്കുടിയിലെത്തിയത്. വ്യാപാര കേന്ദ്രങ്ങളും ദേവാലയങ്ങളും മഠങ്ങളും സന്ദർശിച്ചു.