lulu

ജിദ്ദ: സൗദി അറേബ്യയിൽ റീട്ടെയിൽ ശൃംഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായി പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും ലുലു ഗ്രൂപ്പ് പുതിയ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കുന്നു. മക്കയിൽ ഇന്നലെ പുതിയ പദ്ധതികളുടെ കരാർ ഒപ്പിട്ടതിന് ശേഷം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ് ഇക്കാര്യം അറിയിച്ചത്.

ജബൽ ഒമർ ഡെവലപ്പ്മെന്റ് കമ്പനി സി.ഇ.ഒ ഖാലിദ് അൽ അമൗദി, അൽ മനാഖ അർബൻ പ്രൊജക്ട് ഡെവലപ്പ്മെന്റ് കമ്പനി സി.ഇ.ഒ എഞ്ചിനീയർ വലീദ് അഹമ്മദ് അൽ അഹ്മദി, ലുലു ഗ്രൂപ്പ് സൗദി ഡയറക്ടർ ഷഹീം മുഹമ്മദ് എന്നിവർ എം.എ. യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ കരാറിൽ ഒപ്പ് വെച്ചു.

മക്ക ജബൽ ഒമറിലെ സൂഖുൽ ഖലീൽ 3ൽ ആരംഭിക്കുന്ന സംരംഭം ജബൽ ഒമർ ഡെവലപ്പ്മെന്റ് കമ്പനിയാണ് നിർമ്മാണം പൂർത്തീകരിക്കുക. ഏഴ് ഘട്ടങ്ങളിലായി പ്രവർത്തനം പൂർത്തിയാക്കുന്ന പദ്ധതിയിൽ നക്ഷത്രഹോട്ടലുകളും മികച്ച അപാർട്ടുമെന്റുകളും ഉയരും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ദശലക്ഷക്കണക്കിന് തീർഥാടകരുടെ സൗകര്യം ലക്ഷ്യമാക്കിയുള്ള കൂറ്റൻ പദ്ധതിയാണിത്.

മദീനയിലാരംഭിക്കുന്ന രണ്ടാമത്തെ പുതിയ ലുലു സംരംഭത്തിന് അൽമനാഖ അർബൻ പ്രൊജക്ടാണ് നേതൃത്വം വഹിക്കുന്നത്. മദീനാ ലുലു 23,260 ചതുരശ്ര അടി വിസ്‌തൃതിയിലാണ് ഉയരുന്നത്.

മക്കയിലും മദീനയിലുമുള്ള റീട്ടെയിൽ പദ്ധതികൾ അതിയായ ചാരിതാർത്ഥ്യം പകരുന്നുവെന്ന് എം. എ യൂസഫലി പറഞ്ഞു, .സൗദി അറേബ്യയിൽ 100 ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.