 
പെരുമ്പാവൂർ:കൂവപ്പടി പഞ്ചായത്തിലെ വിവിധ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ വഴി ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വേൽനസ് സെന്ററുകളുടെ പ്രവർത്തനം അട്ടിമറിക്കാൻ ശ്രമമെന്ന് പരാതി. ഈ പദ്ധതിയുടെ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത് തന്നെ പല രീതിയിലെന്നാണ് ആരോപണം. കുറിച്ചിലക്കോട് സെന്ററിൽ ആയുഷ്മാൻ ഭാരത് എന്ന് എഴുതിയിരിക്കുന്നത് സ്റ്റിക്കർ ഒട്ടിച്ച് മറച്ചു കളഞ്ഞിരിക്കുകയാണ്. എന്നാൽ ചേരാനല്ലൂർ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ആയുഷ്മാൻ ഭാരത് എന്ന വാക്കുപോലും ഉപയോഗിച്ചിട്ടില്ല. കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ സമ്പൂർണ്ണ ആരോഗ്യ പദ്ധതിയുടെ ഭാഗമായാണ് ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനെസ് പദ്ധതി നടപ്പിലാക്കുന്നത്. കേന്ദ്ര പദ്ധതി അട്ടിമറിക്കുന്ന കൂവപ്പടി പഞ്ചായത്ത് ഭരണസമിതിയുടെയും കൂവപ്പടി ആരോഗ്യ വിഭാഗത്തിന്റെയും പ്രവർത്തനങ്ങൾക്കെതിരെ ബിജെപി കൂവപ്പടി പഞ്ചായത്ത് കമ്മിറ്റി സമരത്തിന് ഒരുങ്ങുകയാണ്. ഇതിനോടനുബന്ധിച്ച് നടന്ന യോഗം ബി.ജെ.പി പെരുമ്പാവൂർ മണ്ഡലം പ്രസിഡന്റ് പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കൂവപ്പടി പ്രസിഡന്റ് പി.ടി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ദേവച്ചൻ പടയാട്ടിൽ, പി. എം. സുനിൽകുമാർ, പി.ആർ. സലി, ഓമന രവീന്ദ്രൻ, അവറാച്ചൻ ആലുക്ക, സുനിൽകുമാർ പൊന്നും പറമ്പിൽ, കൂവപ്പടി ഹരി, എന്നിവർ പങ്കെടുത്തു.