പെരുമ്പാവൂർ: ദേശസ്‌നേഹത്താൽ യുദ്ധഭൂമിയിൽ പൊരുതുന്നവർക്ക് ജാതിയും മതവുമല്ല രാജ്യത്തിന്റെ അഖണ്ഡതയാണ് ലക്ഷ്യമെന്ന് ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ മേജർ രവി. പൗരന്മാർ നേരിട്ട് പോർമുഖത്ത് വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിലും ജാതിമത ചിന്തകൾ മാറ്റിവെച്ച് ഒരേ ഒരു ഭാരതം എന്ന ആശയത്തിന് വോട്ട് നൽകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പെരുമ്പാവൂരിൽ എൻ. ഡി. എ. സ്ഥാനാർത്ഥി കെ.എ. ഉണ്ണിക്കൃഷ്ണന്റെ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ.ഡി.എ. നിയോജക മണ്ഡലം ചെയർമാൻ ഒ. സി. അശോകന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബിജെപി മധ്യമേഖല ജനറൽ സെക്രട്ടറി വി. എൻ. വിജയൻ മുഖ്യപ്രഭാഷണം നടത്തി. എൻ ഡി എ സ്ഥാനാർഥി കെ. എ. ഉണ്ണിക്കൃഷ്ണൻ, ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, ജില്ലാ വൈസ് പ്രസിഡണ്ട് എം. എ. ബ്രഹ്മരാജ്, ബി. ഡി. ജെ. എസ്. നിയോജക മണ്ഡലം പ്രസിഡണ്ട് കെ. എ. മോഹൻകുമാർ, ബി ജെ പി മണ്ഡലം പ്രസിഡണ്ട് പി. അനിൽകുമാർ എന്നിവർ പങ്കെടുത്തു. കാളിദാസ് കെ ചെട്ടികുളങ്ങര രചിച്ച കേന്ദ്രസർക്കാരിന്റെ വാഗ്ദാനങ്ങളും സഫലീകരണവും എന്ന പുസ്തകം മേജർ രവി ചടങ്ങിൽ പ്രകാശനം ചെയ്തു.