pinappil
വേനൽച്ചൂടിനെ പ്രതിരോധിക്കാൻ ഗ്രീൻനെറ്റ് ഉപയോഗിച്ചിരിക്കുന്ന അരിക്കുഴയിലെ ഒരു പൈനാപ്പിൾതോട്ടം

മൂവാറ്റുപുഴ: വേനൽച്ചൂടിന്റെ കാഠിന്യമേറ്റ് വെന്തുരുകി ടൺകണക്കിന് പൈനാപ്പിൾ ഉപയോഗശൂന്യമായത് മൂലം കർഷകർക്കും കച്ചവടക്കാർക്കും വൻ സാമ്പത്തിക നഷ്ടം. തോട്ടങ്ങളിൽ നിന്നും ട്രക്കുകളിലാക്കി ഇതര സംസ്ഥാനങ്ങളിലേയ്ക്ക് കയറ്റി വിട്ട പൈനാപ്പിൾ കേടായതിനെത്തുടർന്ന് ഉപേക്ഷിക്കേണ്ടിയും വന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹി, ഹൈദരാബാദ്, മുംബൈ, പൂനെ, ഗുജറാത്ത് എന്നിവിടങ്ങളിലേയ്ക്ക് അയച്ച നിരവധി ലോഡ് പൈനാപ്പിൾ കേടായത്. പൈനാപ്പിൾ കൃഷിയിടം 20 ശതമാനത്തോളം കൂടിയിട്ടുണ്ടെങ്കിലും കടുത്ത ഉണക്കും ചൂടിന്റെ ആധിക്യവും മൂലം ഉത്പാദനത്തിൽ 30 ശതമാനത്തോളം കുറവ് വന്നിട്ടുള്ളതായി പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബേബി ജോൺ പേടിക്കാട്ടുകുന്നേൽ പറഞ്ഞു. മഴ ഒട്ടും ലഭ്യമാകാതിരുന്നതുമൂലം പൈനാപ്പിൾ ശോഷിച്ച അവസ്ഥയിലാണ്. ഇത്തവണ മൂന്നാം വർഷം കൃഷി ചെയ്ത തോട്ടങ്ങൾ പലതും ഉണക്കു ബാധിച്ചു. വിളവ് കുറവായതിനാൽ നനയ്ക്കുന്നത് സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുമെന്നാണ് കർഷകർ പറയുന്നത്. ഉണക്കിനെ പ്രതിരോധിക്കാൻ പല വലിയ തോട്ടങ്ങളിലും ഗ്രീൻ നെറ്റ് അല്ലെങ്കിൽ ചൂട്ട് ഉപയോഗിക്കുന്നുണ്ട്. ഗ്രീൻ നെറ്റ് ഉപയോഗിച്ചാൽ ഒരു കാനിക്ക് നാല് രൂപയോളം അധികച്ചിലവ് വരും. ചെടികൾ മൂടാൻ തമിഴ്നാട്ടിൽ നിന്നും കൊണ്ടുവരുന്ന ചൂട്ടിന് ഒരെണ്ണം 12 രൂപ മുടക്ക് വരും. ഗ്രീൻ നെറ്റ് മൂന്ന് വർഷം ഉപയോഗിക്കാനാകും. ചൂട്ട് ഒരു വർഷം മാത്രമേ ഉപയോഗിക്കാനാകൂ. ഏറ്റവും മികച്ച വില പ്രതീക്ഷിക്കുന്ന റംസാൻ, ഈസ്റ്റർ സീസണിൽ കർഷകർ പ്രതീക്ഷിച്ച പോലെ വില ഉയർന്നിട്ടില്ല. പൈനാപ്പിൾ ഗ്രോവേഴ്സ് അസോ. കണക്കനുസരിച്ച് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ വേനലിൽ നല്ല വിലയാണ് ലഭിച്ചത്. ഈ വർഷവും പൈനാപ്പിളിന് വിപണിയിൽ നല്ല വിലയും ഡിമാന്റുമാണ്.