മൂവാറ്റുപുഴ: പ്രണയം നിരസിച്ചതിലുള്ള പകയാണ് സിംനയെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ വച്ച് കുത്തിക്കൊലപ്പെടുത്താൻ കാരണമെന്ന് പ്രതി ഷാഹുൽ അലി പൊലീസിന് മൊഴി നൽകി. ഇയാളെ സംഭവസ്ഥലത്തും കത്തിവാങ്ങിയ കടയിലുമെത്തിച്ച് തെളിവെടുത്തശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കൊലപാതകത്തിനിടെ കൈയ്ക്കു പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രതിയെ ഡിസ്ചാർജ്ജ് ചെയ്ത ശേഷമാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

സിംനയും ഷാഹുലും നേരത്തെ സുഹൃത്തുക്കളായിരുന്നു. ഷാഹുൽ പലതവണ സിംനയോട് പ്രണയാഭ്യർത്ഥന നടത്തിയെങ്കിലും നിരസിച്ചു. ഇതോടെ സിംനയ്ക്ക് മറ്റാരുമായോ ബന്ധമുണ്ടെന്ന് സംശയിച്ചാണ് കൊലപ്പെടുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇയാൾ മൊഴി നൽകി. കൊലപ്പെടുത്തിയതും രക്ഷപ്പെട്ടതുമെല്ലാം ആശുപത്രിയിൽ തെളിവെടുത്തപ്പോൾ ഷാഹുൽ അലി പൊലീസിനോട് വിവരിച്ചു.

മാർച്ച് 31നാണ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാർഡ് കെട്ടിടത്തിൽ വച്ച് സിംന കൊല്ലപ്പെട്ടത്.