 
കൊച്ചി: മെട്രോ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഇനി പേയ്മെന്റുകൾ. അഞ്ച് പേയ്‌മെന്റ് ആപ്പുകൾ വഴി നിലവിൽ ബുക്ക് ചെയ്യാം. മൂന്ന് ആപ്പുകളിൽ കൂടി വൈകാതെ ടിക്കറ്റ് ലഭ്യമാക്കും. രണ്ടുവർഷത്തിനകം 15 ആപ്പുകളിൽ മെട്രോ ടിക്കറ്റുകൾ ലഭ്യമാക്കാനും നടപടി ആരംഭിച്ചു. മൊബൈൽ ഫോണിൽ ലഭിക്കുന്ന ക്യു.ആർ കോഡ് സ്‌കാൻ ചെയ്ത് യാത്ര ചെയ്യാൻ കഴിയും.
ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സാണ് (ഒ.എൻ.ഡി.സി ) കൊച്ചി മെട്രോ ടിക്കറ്റും ആപ്പുകൾ വഴി ലഭ്യമാക്കുന്നത്. ചെന്നൈ മെട്രോ ടിക്കറ്റുകൾ ഒ.എൻ.ഡി.സി ആപ്പുകളിലൂടെ ലഭ്യമാക്കിയിട്ടുണ്ട്.
കൊച്ചി മെട്രോയെ ഒ.എൻ.ഡി.സി. ശൃംഖലയിൽ ഉൾപ്പെടുത്തിയത് സമഗ്രമായ ഡിജിറ്റൽ മൾട്ടിമോഡാൽ ഗതാഗത സംവിധാനം സൃഷ്ടിക്കുന്നതിന് വഴിതുറക്കും. നഗരത്തിന്റെ സുസ്ഥിരമായ ഗതാഗത മോഡുകൾ ഉപയോഗിച്ച് ഫസ്റ്റ് മൈൽ (ഓട്ടോ), മിഡിൽ മൈൽ (മെട്രോ റെയിൽ), ലാസ്റ്റ് മൈൽ (ഓട്ടോ) എന്നീ ഗതാഗതമാർഗങ്ങൾ സംയോജിപ്പിച്ച് സുഗമമായ യാത്ര ഒരുക്കും.
കൊച്ചിയിൽ നടന്ന ചടങ്ങിൽ ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഒഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡി.പി.ഐ.ഐ.ടി.) ജോയിന്റ് സെക്രട്ടറി സഞ്ജയ് സിംഗ്, ഡയറക്ടർ, ഡോ. ബിജോയ് ജോൺ, കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ, ഡയറക്ടർ സഞ്ജയ് കുമാർ, ഒ.എൻ.ഡി.സി ചീഫ് ബിസിനസ് ഓഫീസർ സിരീഷ് ജോഷി, സീനിയർ വൈസ് പ്രസിഡന്റ് നിഥിൻ നായർ എന്നിവർ പങ്കെടുത്തു.
ഒ.എൻ.ഡി.സി 
2021 ഡിസംബർ 31ന് രൂപീകരിച്ച ഒ.എൻ.ഡി.സി. റീട്ടെയിൽ ഇ കൊമേഴ്‌സിന്റെ വികസനത്തിന് ഊന്നൽ നൽകുന്ന മാതൃക സൃഷ്ടിക്കുകയാണ്. കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ സംരംഭമാണ്. ഓപ്പൺ നെറ്റ്‌വർക്കുകൾ പ്രോത്സാഹിപ്പിക്കുന്നതിന് സാങ്കേതികസൗകര്യങ്ങളും ശൃംഖലയുമാണ് ഒരുക്കുന്നത്.
ഒ,എൻ.ഡി.സി ശൃംഖലയിൽ ചേരുന്നത് തടസമില്ലാത്തതും സുസ്ഥിരവുമായ ഗതാഗത പരിഹാരങ്ങൾ നൽകുന്നതിന് സഹായമാകും. ആപ്പുകളിൽ ടിക്കറ്റുകൾ ലഭിക്കുന്നത് യാത്രക്കാർക്ക് നേട്ടമാകും. വാട്ടർ മെട്രോ ഉൾപ്പെടെ നഗരത്തിലെ മൾട്ടിമോഡൽ യാത്രകൾക്കും അനുബന്ധ സേവനങ്ങൾക്കും ഒ.എൻ.ഡി.സി.യുമായി ചേർന്ന് പ്രവർത്തിക്കും.
-ലോക്‌നാഥ് ബെഹ്‌റ
ലഭിക്കുന്ന ആപ്പുകൾ
യാത്രി, പേ ടി.എം., റാപ്പിഡോ, റെഡ്ബസ്, ഫോൺ പേ
ഉടൻ ലഭിക്കുക
ഗൂഗിൾ മാപ്‌സ്, യൂബർ, ഈസ് മൈ ട്രിപ്പ്