മൂവാറ്റുപുഴ : കോതമംഗലം മണ്ഡലത്തിലെ നേര്യമംഗലത്തും തൊടുപുഴയിലും ആയിരുന്നു ഇന്നലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് പ്രചാരണം നടത്തിയത്. രാവിലെ നേര്യമംഗലത്തെ ജില്ല കൃഷി തോട്ടത്തിൽ വോട്ട് തേടിയാണ് ഡീൻ കുര്യാക്കോസ് എത്തിയത്. ഇവിടെ തൊഴിലാളികൾ യു.ഡി.എഫ് സ്ഥാനാർത്ഥിയെ സ്വീകരിച്ചു. നേര്യമംഗലത്ത് നിർമ്മാണം പുരോഗമിക്കുന്ന പുതിയ പാലവും കൊച്ചി - മൂന്നാർ ദേശിയ പാത നിർമ്മാണവും വർഷങ്ങളായി മുടങ്ങി കിടന്ന കോതമംഗലം ബൈപാസ് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് ജീവൻ വെച്ചതും തങ്ങളുടെ വികസന നേട്ടമായി സ്ഥാനാർത്ഥി കോതമംഗലം മണ്ഡലത്തിൽ അവതരിപ്പിക്കുന്നു. ഉച്ചക്ക് ശേഷം തൊടുപുഴയിൽ സൗഹൃദ സന്ദേശങ്ങൾ നടത്തി. വ്യക്തികളെ ഫോണിൽ വിളിച്ചു പിന്തുണ തേടി. വൈകിട്ട് നടന്ന യു.ഡി.എഫ് കൺവെൻഷനിലും റോഡ് ഷോയിലും സ്ഥാനാർത്ഥി പങ്കെടുത്തു. ഇന്ന് രാവിലെ മുതൽ ഡീൻ കുര്യാക്കോസിന്റെ പൊതു പര്യടനം ആരംഭിക്കും. മാങ്കുളം, പള്ളിവാസൽ, ബൈസൻവാലി പഞ്ചായത്തുകളിലാണ് ഇന്നത്തെ സ്ഥാനാർത്ഥി പര്യടനം. രാവിലെ 7 ന് കുറുത്തികുടിയിൽ യു.ഡി.എഫ് ജില്ല ചെയർമാൻ ജോയി വെട്ടിക്കുഴി പര്യടനം ഉദ്ഘാടനം ചെയ്യും. വിവിധ പോയിന്റുകളിൽ സ്വീകരണം ഏറ്റുവാങ്ങി പര്യടനം വൈകിട്ട് 6.30 ന് ആനച്ചാലിൽ സമാപിക്കും. കോൺഗ്രസ് വക്താവ് രാജു പി നായർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.