 
മൂവാറ്റുപുഴ :എൽ. ഡി. എഫ് സ്ഥാനാർത്ഥി ജോയിസ് ജോർജിന്റെ പര്യടനത്തിന് ആവേശജ്വല തുടക്കം. കുമളി ബസ് സ്റ്റാൻഡിൽ നടന്ന പരിപാടി ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.സി .പി .ഐ സംസ്ഥാന കമ്മറ്റി അംഗം ജോസ് ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. സി .പി. എം ജില്ലാ സെക്രട്ടറി സി. വി. വർഗീസ്, സി.പി. എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജയചന്ദ്രൻ സംസ്ഥാന കമ്മിറ്റി അംഗം എസ്. സതീഷ് എന്നിവർ പ്രസംഗിച്ചു. പിന്നീട് തൊഴിലാളി യുവജന വനിതാ സംഘടനാ നേതാക്കൾ സ്ഥാനാർഥിയെ ഷാൾ അണിയിച്ചും പൂച്ചെണ്ടുകൾ നൽകിയും സ്വീകരിച്ചു.
തുടർന്ന് തുറന്ന വാഹനത്തിൽ പര്യടനം നടത്തിയ സ്ഥാനാർത്ഥി കുമളി ഒന്നാം മയിലിൽ,മുരിക്കടി,വെള്ളാരംകുന്ന് എന്നിവിടങ്ങളിൽ എത്തി സ്വീകരണം ഏറ്റുവാങ്ങി . ഉച്ചയ്ക്ക് ശേഷം തോട്ടം മേഖലയായ ചെങ്കരയിൽ നിന്നും ആരംഭിച്ച പര്യടനത്തിൽ നൂറ് കണക്കിനാളുകളാണ് പങ്കെടുത്തത്. തോട്ടം തൊഴിലാളികളും കർഷക തൊഴിലാളികളും കാർഷിക വിളകൾ നൽകി സ്ഥാനാർഥിയെ സ്വീകരിച്ചു. പീരുമേട്ടിലെ തോട്ടം കാർഷിക മേഖലയിൽ ഉജ്ജ്വല വരവേൽപ്പാണ് ലഭിച്ചത്. ഒന്നാം മൈൽ, മുരുക്കടി, വെള്ളാരംകുന്ന്, ചെങ്കര, നാലുകണ്ടം, മത്തായി മൊട്ട, മഞ്ചുമല എൽഡി, വണ്ടിപ്പെരിയാർ ബസ് സ്റ്റാൻഡ്, മഞ്ചുമല യുഡി, ഗ്രാംബി നമ്പർ രണ്ട്, മൗണ്ട് തുടങ്ങിയ കേന്ദ്രങ്ങളിൽ ഊഷ്മള സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷം രാത്രി എട്ടിന് അരണക്കൽ സമാപിച്ചു. തോട്ടം മേഖലയിൽ പലയിടങ്ങളിലും ആരതി ഉഴിഞ്ഞാണ് സ്ഥാനാർഥിയെ സ്ത്രീകൾ വരവേറ്റത്. കൊടും ചൂടിനെ കൂസാതെ പല കേന്ദ്രങ്ങളിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ സ്വീകരണത്തിനെത്തി. ചെണ്ടയും വാദ്യമേളങ്ങളും താലപ്പൊലിയും ഉൾപ്പെടെയുള്ള കലാരൂപങ്ങളും പരിപാടിക്ക് കൊഴുപ്പേകി.