
ചോറ്റാനിക്കര: ചോറ്റാനിക്കര മുളന്തുരുത്തി റോഡിൽ അപകടങ്ങൾ കുറയ്ക്കാനായി എരുവേലി ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രം മാറ്റിസ്ഥാപിച്ച് പുത്തൻ പരിഷ്കാരം നടപ്പാക്കിയിട്ടും അപകടത്തിന് തെല്ലും കുറവില്ല. പത്ത് മാസം മുമ്പാണ് പഞ്ചായത്ത് ഭരണസമിതി ഏറെനാളത്തെ പഠനത്തിനും കാത്തിരിപ്പിനും ശേഷമാണ് കാത്തിരിപ്പ് കേന്ദ്രങ്ങൾ മാറ്റി സ്ഥാപിച്ചത്. നിലവിലുള്ള ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ പൊളിച്ചു നീക്കി പ്രദേശത്തുള്ള ചിന്ത ക്ലബിന്റെ സഹായത്തോടെ സമീപത്തേക്ക് മാറ്റുകയായിരുന്നു.
പുതുതായി പണികഴിപ്പിച്ച കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിൽ ബസ് നിറുത്താതെ ആയതോടെ യാത്രക്കാർക്ക് തോന്നുന്നത് പോലെയായി ബസ് സ്റ്റോപ്പ്. ആളുകൾ കൂടി നിൽക്കുന്നിടത്ത് ബസ് നിറുത്താൻ തുടങ്ങിയതോടെ അപകടങ്ങൾ വീണ്ടും കൂടി.
നാലും കൂടിയ ജംഗ്ഷനിൽ നാല് ഭാഗത്തു നിന്നും വാഹനങ്ങൾ എത്തുന്നതിനാൽ ജംഗ്ഷന്റെ വീതി കൂട്ടിക്കൊണ്ട് സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എല്ലാ റോഡുകളിലും സൈൻ ബോർഡുകളും സ്ഥാപിക്കണം.