shine
മൂന്നാഴ്ച ബാക്കി...സ്ഥാനാർത്ഥികൾക്ക് തിരക്കേറി

കൊച്ചി: മൂന്ന് ആഴ്ചകൾ മാത്രം അവശേഷിക്കെ എറണാകുളം മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ പ്രചാരണം വേഗത്തിലാക്കി. പുലർച്ചെ തന്നെ പ്രചാരണം തുടങ്ങി രാത്രി വൈകി അവസാനിപ്പിക്കുന്ന തരത്തിലാണ് സ്ഥാനാർത്ഥികളും മുന്നണികളും പ്രചാരണം യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ ഇന്നലെ നാമനിർദേശ പത്രികാ സമർപ്പണത്തിന്റെ തിരക്കിലായിരുന്നു. രാവിലെ പ്രകടനമായെത്തിയുള്ള പത്രികാ സമർപ്പണത്തിനു ശേഷം ഉച്ചയ്ക്ക് ദൈവദാസൻ തിയോഫിനച്ചന്റെ ചരമവാർഷികത്തോടനുബന്ധിച്ച് പൊന്നുരുന്നി കപ്പൂച്ചിൻ ആശ്രമത്തിൽ നടന്ന നേർച്ചസദ്യയിലും ഹൈബി പങ്കെടുത്തു. വൈകിട്ട് പാലാരിവട്ടം പ്രദേശത്ത് വിവിധ സ്ഥാപനങ്ങളും ആരാധനാലയങ്ങളും സന്ദർശിച്ച് പിന്തുണ അഭ്യർത്ഥിച്ചു. ഇവിടങ്ങളിലെ വോട്ടർമാരെയും നേരിൽ കണ്ടു. വൈകിട്ട് കൗൺസിൽ ഫോർ കമ്യൂണിറ്റി കോ ഓപ്പറേഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിലും ഹൈബി ഈഡൻ പങ്കെടുത്തു.

മുഖ്യമന്ത്രിയുടെ പരിപാടികളിൽ കെ.ജെ. ഷൈൻ

ടമുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത തിരഞ്ഞെടുപ്പ് കൺവെൻഷനുകളുടെ തിരക്കിലായിരുന്നു ഇടതു സ്ഥാനാർത്ഥി കെ.ജെ. ഷൈൻ. ചെറായി, പള്ളുരുത്തി, മറൈൻ ഡ്രൈവ് എന്നിവിടങ്ങളിലായിരുന്നു നൂറ് കണക്കിന് പ്രവർത്തകർ തിങ്ങിനിറഞ്ഞ പരിപാടികൾ. ഇതിൽ മറൈൻ ഡ്രൈവിലെ പരിപാടി മഴമൂലം അവസാന നിമിഷം റദ്ദാക്കിയെങ്കിലും സ്ഥാനാർത്ഥി ഇവിടെയുമെത്തി.


മത്സ്യത്തൊഴിലാളികൾക്കിടയിൽ ഡോ.കെ.എസ്. രാധാകൃഷ്ണൻ

ചെല്ലാനവും കുമ്പളങ്ങിയും ഉൾപ്പെടെയുള്ള തീരദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി ഡോ.കെ.എസ്. രാധാകൃഷ്ണന്റെ ഇന്നലത്തെ പ്രചാരണ പരിപാടികൾ. രാവിലെ പാലാരിവട്ടം ശാന്തിഗിരി ആശ്രമം സന്ദർശിച്ചു കൊണ്ടായിരുന്നു പ്രചാരണം തുടങ്ങിയത്. തേവര പെരുമാന്നൂർ എസ്.ഡി കോൺവെന്റിലും സ്ഥാനാർത്ഥിയെത്തി.

ചെല്ലാനം തെക്ക് സെന്റ് ജോർജ്ജ് പള്ളി, സൗത്ത് ചെല്ലാനം മിഷൻ ഒഫ് ചാരിറ്റി കോൺവെന്റ്, ചെല്ലാനം, ചെല്ലാനം ഫിഷ് മാർക്കറ്റ് എന്നിവിടങ്ങൾ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. ഫ്രാൻസീസിയൻ സിസ്റ്റേഴ്‌സ് കോൺവെന്റും സന്ദർശിച്ചു. ചെല്ലാനം ശ്രീ വൈഷ്ണവോദയ ക്ഷേത്രത്തിൽ ദർശനം നടത്തി.

കുമ്പളങ്ങി സെന്റ് അന്നാസ് കോൺവെന്റ് സന്ദർശിച്ച രാധാകൃഷ്ണൻ തുടർന്ന് കുമ്പളങ്ങി വ്യാസപുരം കോളനിയിലെത്തി. പിന്നീട് തൃപ്പൂണിത്തുറ മാർക്കറ്റ് റോഡിലുള്ള ജുമാ മസ്ജിദിൽ ഇഫ്താർ വിരുന്നോടെയാണ് ഇന്നലെത്ത പ്രചാരണം അവസാനിപ്പിച്ചത്.