കൊച്ചി; പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട ഗുരുതര വീഴ്ചകളുടെ പേരിലാണ് വി.സി ഡോ.എം.ആർ. ശശീന്ദ്രനാഥിനെ സസ്‌പെൻഡ് ചെയ്തതെന്ന് ചാൻസലർ കൂടിയായ ഗവർണർ ഹൈക്കോടതിയെ അറിയിച്ചു. അച്ചടക്കം ഉറപ്പാക്കുന്നതിൽ വി.സി ഉൾപ്പെടെ പരാജയപ്പെട്ടു. ക്യാമ്പസിലും ഹോസ്റ്റലിലും നടന്ന കാര്യങ്ങൾ വി.സി അറിയാതിരിക്കാൻ സാദ്ധ്യതയില്ല. സർവകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ക്യാമ്പസിൽ വിദ്യാർത്ഥികൾ ഭയന്നാണ് കഴിഞ്ഞിരുന്നതെന്ന് ആന്റി റാഗിംഗ് കമ്മിറ്റിയുടെ റിപ്പോർട്ടിലുണ്ടെന്നും രാജ്ഭവൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
ഒട്ടേറെപ്പേരുടെ മുന്നിൽ നിറുത്തി സിദ്ധാർത്ഥിനെ ദിവസങ്ങളോളം മർദ്ദിച്ചു. ക്രൂരതയെ ചോദ്യം ചെയ്യാൻ പല വിദ്യാർത്ഥികൾക്കും ഭയമായിരുന്നു. സഹപാഠികൾക്കു നേരെയുള്ള ക്രൂരത പോലും ചോദ്യം ചെയ്യാനാവാത്ത സ്ഥിതിയിലാണ് വിദ്യാർത്ഥികൾ. സിദ്ധാർത്ഥിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിട്ടും വി.സി അന്വേഷണത്തിന് ഉത്തരവിട്ടില്ല. ആന്റി റാഗിംഗ് സെല്ലിന്റെ പരാതി കിട്ടിയശേഷം മാത്രമാണ് നടപടിക്ക് മുതിർന്നതെന്നും ബോധിപ്പിച്ചു.
അതേസമയം, സസ്‌പെൻഷനെതിരെ വി.സി നൽകിയ ഹർജിയിൽ ഇന്നു വാദം കേൾക്കും. കോളേജിന്റെ കാര്യങ്ങൾ നോക്കുന്നത് ഡീനാണെന്നും സംഭവങ്ങളിൽ വി.സിക്ക് നേരിട്ട് ബന്ധമില്ലെന്നും ഹർജിയിൽ പറയുന്നു.

മേധാവിയില്ലാത്ത സർവകലാശാലയുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നും അഴിമതി, പദവി ദുരുപയോഗം തുടങ്ങിയ ആരോപണങ്ങളുടെ പേരിലല്ലാതെ വി.സിക്കെതിരെ നടപടി പാടില്ലെന്നും സർക്കാർ വാദിച്ചു.