ആലുവ: യു.സി കോളേജിൽ ബിരുദാനന്തരബിരുദ ദിനാഘോഷത്തിനിടെ എസ്.എഫ്.ഐ - കെ.എസ്.യു പ്രവർത്തകർ ഏറ്റുമുട്ടി. പൊലീസ് പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും നടക്കാതായതോടെ ലാത്തിവീശി.

ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവങ്ങളുടെ തുടക്കം. കോളേജിലെ പരിപാടികൾ ആറുമണിക്കുമുമ്പ് അവസാനിപ്പിക്കണമെന്നാണ് നിർദ്ദേശം. പി.ജി ദിനാഘോഷം ആറുമണികഴിഞ്ഞിട്ടും തുടർന്നപ്പോൾ അദ്ധ്യാപകരെത്തി അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ വിദ്യാർത്ഥി സംഘടനകൾ ചേരിതിരിയുകയായിരുന്നു. നേരത്തെമുതൽ വിദ്യാർത്ഥി സംഘടനകൾ തമ്മിൽ തർക്കം നിലനിന്നിരുന്നതിനാൽ ആലുവ പൊലീസ് സ്ഥലത്തുണ്ടായിരുന്നു. കൈയാങ്കളിയിലേക്കെത്തിയ തർക്കം അവസാനിപ്പിക്കാതായതോടെയാണ് പൊലീസ് ലാത്തിവീശിയത്. നിരവധി വിദ്യാർത്ഥികൾക്ക് ലാത്തിയടിയേറ്റു.

കോളേജ് യൂണിയൻ ഭരിക്കുന്നത് കെ.എസ്.യുവാണ്. രണ്ട് സീറ്റുകളാണ് എസ്.എഫ്.ഐക്കുള്ളത്.