നെടുമ്പാശേരി: മൂന്നുദിവസംമുമ്പ് കാണാതായ ദേശം പുറയാർ മടത്തിപ്പറമ്പിൽ അബ്ദുൾ റസാഖിനെ (75) പുറയാർ റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി. വസ്തുസംബന്ധമായ രേഖകൾ തയ്യാറാക്കാൻ തിങ്കളാഴ്ച ഉച്ചയോടെ വീട്ടിൽ നിന്നിറങ്ങിയ ശേഷമാണ് കാണാതായത്.
ബന്ധുക്കളുടെ പരാതിയിൽ നെടുമ്പാശേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്നലെ പുലർച്ചെ 1.45ഓടെ മൃതദേഹം കണ്ടെത്തിയത്. ഷർട്ടിന്റെ പോക്കറ്റിൽനിന്ന് പഴയ പോക്കുവരവ് സർട്ടിഫിക്കറ്റുകളും കണ്ടെടുത്തു.
ഭാര്യമാർ: സതി, സൗജത്ത്. മക്കൾ: ബിജു, ബിനു, വിനോദ്, മാഹിൻ, മുനീറ.