sindhu
കവയത്രി സിന്ധുഉല്ലാസ് ടെറസിലെ കൃഷിതോട്ടത്തിൽ

മൂവാറ്റുപുഴ: മട്ടുപ്പാവ് കൃഷിയിൽ നൂറ് മേനി വിളയിച്ച് വാഴപ്പിള്ളി ചാരുതയിലെ എഴുത്തുകാരി സിന്ധുഉല്ലാസ് മാതൃകയാകുന്നു. അറിയപ്പെടുന്ന കവയത്രിയായ സിന്ധു പച്ചക്കറി കൃഷി ചെയ്യുന്നതിൽ പുതിയ അദ്ധ്യായം രചിക്കുകയാണ്. വായന, സാംസ്കാരിക പ്രവർത്തനങ്ങൾ, യാത്രകൾ എന്നിവയോടൊപ്പം ടെറസ് കൃഷിയും ചെയ്യുകയാണ് സംസ്കൃത സർവകലാശാല ജീവനക്കാരിയായ സിന്ധു. വീടിന് ചുറ്റുമുള്ള 10 സെന്റ് പുരയിടത്തിൽ തന്റെ വീട്ടിലേക്ക് ആവശ്യമുള്ളവ സ്വയം കൃഷി ചെയ്ത് എടുക്കുകയാണ്. കാച്ചിൽ, ചേമ്പ്, ചേന, ചെറുകിഴങ്ങ്, ഇഞ്ചി,​ മഞ്ഞൾ എന്നിവയ്ക്കൊപ്പം തന്റെ ചെറിയ ടെറസിൽ പച്ചക്കറി കൂടി കൃഷി ചെയ്യുന്നുണ്ട്. 30 ഗ്രോ ബാഗുകളിലായി പച്ചമുളക്,തക്കാളി, വെണ്ട, വഴുതിന, ചീര എന്നിവയാണുള്ളത്. തന്റെ ചെറിയ കുടുംബത്തിന് ആവശ്യമുള്ള അത്യാവശ്യം പച്ചക്കറികൾ ഈ കൃഷിയിൽ നിന്ന് കിട്ടാറുണ്ടെന്ന് സിന്ധു പറയുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകയായ സിന്ധു പരിഷത്ത് ഉൽപ്പന്നമായ കിച്ചൻ ബിന്നിൽ ജൈവമാലിന്യങ്ങൾ സംസ്കരിച്ചുണ്ടാക്കുന്ന വളമാണ് ഉപയോഗിക്കുന്നത്. ഇത് കൂടാതെ കൂടാതെ ചാണകപ്പൊടിയും ഉപയോഗിക്കുന്നു. വീടിന് ചുറ്റും പേര, റമ്പൂട്ടാൻ, മാവ്, പ്ലാവ്, സപ്പോട്ട, ഇരുമ്പൻപുളി, ഓറഞ്ച്, പലതരം വാഴകൾ, പാഷൻ ഫ്രൂട്ട്, പൂച്ചെടികൾ, ഇല ചെടികൾ എന്നിവയും നട്ടുവളർത്തുന്നുണ്ട്. വിഷ രഹിതമായ പച്ചക്കറികൾ ലഭിക്കുന്നത് മാത്രമല്ല പ്രകൃതിയോടു ഇണങ്ങി ജീവിക്കുന്നത് മനസിന് ഏറെ സന്തോഷവും കുളിർമയും നൽകുന്നുവെന്ന് മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കൂടിയായ സിന്ധു പറയുന്നു. സിന്ധുവിന് എല്ലാവിധ പിന്തുണയുമായി പൊതു വിദ്യാഭ്യാസ വകുപ്പ് സീനിയർ സൂപ്രണ്ടായ ഭർത്താവ് ഡി. ഉല്ലാസ് ഒപ്പമുണ്ട്. മരത്തിൽ കിളികൾ കൂടുകൂട്ടുന്നതും അവയുടെ ശബ്ദവും ഏറെ ഇഷ്ടപ്പെടുന്ന ഇവർ കിളികൾക്കായി മൺപാത്രങ്ങളിൽ വെള്ളം കരുതുന്നുണ്ട്. ഈ കടുത്ത ചൂടിൽ കുളിക്കാനും വെള്ളം കുടിക്കാനും ധാരാളം കിളികളാണ് മുറ്റത്തെത്തുന്നത്.