നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിൽ വാഹനങ്ങളുടെ പ്രവേശനവും പാർക്കിംഗും ഡിജിറ്റലാക്കിയതിന്റെ ഭാഗമായി സ്വകാര്യ കാറുകൾക്ക് പ്രവേശനഫീസ് ഒഴിവാക്കിയിട്ടും കരാറുകാർ അന്യായമായി പണം പിഴിയുന്നതായി പരാതി. ടാക്സി വാഹനങ്ങൾക്ക് വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നതിന് ആദ്യ10 മിനിറ്റ് സമയത്തേക്ക് 60 രൂപയാണ് നിരക്ക്. തുടർന്നുള്ള സമയങ്ങളിൽ കൂടുതൽ പണം നൽകണം. വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നിടത്ത് പണമിടപാടുകൾ സാധ്യമാക്കുന്ന ഫാസ് ടാഗ് കൗണ്ടറുകൾ, ഓരോ വാഹനത്തിന്റെയും കൃത്യമായ പ്രവേശന സമയം കണക്കാക്കുന്ന ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ (എ.എൻ.പി.ആർ), ഓട്ടോമാറ്റിക് നമ്പർ തിരിച്ചറിയൽ ക്യാമറകൾ എന്നിവയുണ്ട്. ടാക്സി വാഹനങ്ങളുടെ ഫാസ് ടാഗിൽ നിന്നും ചെലവഴിച്ച സമയത്തിനനുസൃതമായി ഓട്ടോമാറ്റിക്കായി പണം കരാർ കമ്പനിക്ക് ലഭിക്കും.

സ്വകാര്യ വാഹനങ്ങൾക്ക് ആദ്യ പത്ത് മിനിറ്റ് വരെ പ്രവേശന ഫീസില്ല. എന്നാൽ അഞ്ച് മിനിറ്റിനകം പുറത്തിറങ്ങിയിട്ടും വ്യാഴാഴ്ചയും ഇന്നലെയും സ്വകാര്യ വാഹനത്തിന്റെ ഫാസ് ടാഗിൽ നിന്നും പണം പിൻവലിച്ചുവെന്നാണ് പരാതി. ആലുവ തോട്ടക്കാട്ടുകര സ്വദേശി ജെറോം മൈക്കിൾ വ്യാഴാഴ്ച രാവിലെ കെ.എൽ 41എൽ 7117 നമ്പർ കാറിൽ വിമാനത്താവളത്തിലെത്തിയിരുന്നു. ഇന്നലെ ജെറോമിന്റെ മകനും വിമാനത്താവളത്തിൽ വന്നപ്പോഴും ഫാസ് ടാഗിൽ നിന്നും 60 രൂപ വീതം കുറഞ്ഞു. ഇതിനെതിരെ ജെറോം വിമാനത്താവള കമ്പനിക്ക് പരാതി നൽകിയിട്ടുണ്ട്.

സ്വകാര്യ വാഹനങ്ങൾക്ക് അനുവദിച്ച ഇളവ് കരാറുകാരൻ ലംഘിക്കുകയാണെന്നാണ് ജെറോമിന്റെ പരാതി. വാഹനം വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന സമയം വ്യക്തമാക്കുന്ന യാതൊന്നും നൽകുന്നില്ല. അതിനാൽ പരാതി നൽകുമ്പോൾ 10 മിനിറ്റിൽ കൂടുതൽ സമയം ചെലവഴിച്ചുവെന്ന മുടന്തൻ ന്യായം പറഞ്ഞാണ് കരാർ കമ്പനി കബളിപ്പിക്കുന്നത്. പ്രവേശന സ്ഥലത്ത് സമയം വ്യക്തമാക്കുന്ന സ്ളിപ്പ് നൽകണമെന്നാണ് ആവശ്യം.

പത്ത് മിനിറ്റ് സൗജന്യത്തിന്റെ ഭാഗമായി ഇലക്ട്രോണിക്ക് സംവിധാനം സെറ്റ് ചെയ്തിട്ടുണ്ടെന്നും മറിച്ച് സംഭവിക്കാൻ സാധ്യതയില്ലെന്നുമാണ് വിമാനത്താവള കമ്പനി അധികൃതരുടെ വിശദീകരണം. കഴിഞ്ഞ ഡിസംബർ മുതലാണ് ഫാസ്ടാഗ് സംവിധാനം ഏർപ്പെടുത്തിയത്.