
കൊച്ചി: ബിസിനസ് പ്രതിസന്ധിയിൽ സഹായിച്ചതിനുള്ള സമ്മാനമായാണ് തെലങ്കാനയിൽ രാഷ്ട്രീയപ്പാർട്ടികൾക്ക് 25 കോടി രൂപ നൽകിയതെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും ട്വന്റി-20 പാർട്ടി പ്രസിഡന്റുമായ സാബു എം. ജേക്കബ് വെളിപ്പെടുത്തി. സി.പി.എം, കോൺഗ്രസ്, ബി.ജെ.പി പാർട്ടികൾക്കും സംഭാവന നൽകാറുണ്ട്. എറണാകുളം പ്രസ് ക്ളബിന്റെ തിരഞ്ഞെടുപ്പ് മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിറ്റെക്‌സിന്റെ 55 വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിലാണ് തെലങ്കാനയിൽ ഫാക്‌ടറി ആരംഭിക്കാൻ 500 ഏക്കർ സ്ഥലമുൾപ്പെടെ സർക്കാർ അനുവദിച്ചത്. 2021ൽ സഹായിച്ചതിന് 2023ൽ നന്ദിസൂചകമായി രാഷ്ട്രീയപ്പാർട്ടികൾക്ക്നൽകിയതാണ് പണം. അവർ ആവശ്യപ്പെട്ടിട്ടല്ല.
2021ൽ മന്ത്രി പി. രാജീവ് നേരിട്ടെത്തി ആവശ്യപ്പെട്ടതുപ്രകാരം 30 ലക്ഷം രൂപ സി.പി.എമ്മിന് നൽകി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിയും സംഭാവന ചോദിച്ചിട്ടില്ല.
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ ആരോപണങ്ങളിൽ ഒരു നടപടിയുമുണ്ടാകില്ല. കേന്ദ്ര അന്വേഷണ ഏജൻസികളോ ബി.ജെ.പി സർക്കാരോ യാതൊന്നും ചെയ്യില്ല. 2005ൽ പാർട്ടി സെക്രട്ടറിയായിരുന്ന കാലം മുതൽ പിണറായിയെ അടുത്തറിയാം. 2016ൽ മുഖ്യമന്ത്രിയായപ്പോൾ നാടിന്റെ വികസനത്തിനായി നിരവധി ആശയങ്ങൾ രേഖാമൂലം നൽകി. അവയിൽ പലതും സർക്കാർ നടപ്പാക്കി. ഗ്ളോബൽ ഇൻവെസ്റ്റ്‌മെന്റ് മീറ്റ് താൻ കൂടി നൽകിയ ആശയത്തിൽ നടത്തിയതാണ്. ഒരുലക്ഷം കോടി രൂപയുടെ നിക്ഷേപം ലഭിച്ചെന്ന് വെറുതെ പ്രഖ്യാപിച്ചു. മീറ്റിന്റെ മറവിലെ അഴിമതി മനസിലാക്കി താൻ പിന്മാറുകയായിരുന്നു.
ട്വന്റി 20 സ്ഥാനാർത്ഥികൾ ജയിച്ചാൽ മണ്ഡലത്തെക്കുറിച്ച് സമഗ്രമായി പഠിച്ച് ശാസ്ത്രീയവും സുസ്ഥിരവുമായ വികസനം നടപ്പാക്കും. ക്ഷേമരാഷ്ട്രീയവും രാജ്യവികസനവുമാണ് ലക്ഷ്യം.