nagarasabha-paravur-
പറവൂർ നഗരത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ നഗരസഭ അധികൃതരും വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരും ചർച്ച നടത്തുന്നു

പറവൂർ: പറവൂർ നഗരത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ നഗരസഭ അധികൃതരും വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിൽ തിരുമാനം. വിവിധ പ്രദേശങ്ങളിലെ രൂക്ഷമായ കുടിവെള്ളക്ഷാമം നഗരസഭ കൗൺസിൽ യോഗത്തിൽ ജനപ്രതിനിധികൾ ഉന്നയിച്ചിരുന്നു. കൗൺസിലിന്റെ നിർദ്ദേശപ്രകാരമാണ് വാട്ടർ അതോറിട്ടിയുമായി ചർച്ച നടത്തിയത്. ദേശീയപാതയുടെ നിർമ്മാണം നടക്കുന്നതിനാൽ ചില പ്രദേശങ്ങളിലേയ്ക്കുള്ള പൈപ്പ് ലൈനുകൾ അടച്ചിട്ടുണ്ട്. ഇത് കുടിവെള്ളക്ഷാമത്തിന് കാരണമായിട്ടുണ്ട്. മറ്റു പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുമെന്ന് യോഗത്തിൽ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ പറഞ്ഞു. നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വകുപ്പ് സ്റ്രാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ സജി നമ്പിയത്ത്, അനു വട്ടത്തറ, വനജ ശശികുമാർ, ശ്യാമള ഗോവിന്ദൻ, നഗരസഭ സെക്രട്ടറി ജോ ഡേവിസ്, വാട്ടർ അതോറിട്ടി അസി. എക്സിക്യൂട്ടീവ് എൻജിനിയർ തെരേസ റിനി, അസി. എൻജിനിയർ മേരി ഷീജ, മുനിസിപ്പൽ എൻജിനിയർ മിനി മോൾ തുടങ്ങിയവർ പങ്കെടുത്തു.

-----------------------------------------------------------------------

തിരുമാനങ്ങൾ....

നഗരത്തിൽ ഇരുപത്തിനാല് മണിക്കൂറും കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ മറ്റു പ്രദേശത്തേയ്ക്കുള്ള ലൈനുകളിൽ വാൽവ് സ്ഥാപിക്കും

പുതിയ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതുസംബന്ധിച്ച് റിപ്പോർട്ടുകൾ സഹിതം പ്രതിപക്ഷനേതാവ് വി.ഡി. സതീശന് കൈമാറും

തോന്ന്യകാവിലയടക്കം അടിക്കടി പൈപ്പ് പൊട്ടുന്നത് അടിയന്തരമായി പരിഹരിക്കാൻ നടപടി സ്വീകരിക്കും.

പറവൂർ പമ്പ് ഹൗസിൽ വാൽവ് സംവിധാനം ഉടൻ പ്രവർത്തന സജ്ജമാക്കും. പൊതുടാപ്പുകളുടെ ദുരുപയോഗം തടയുവാൻ ഉപയോഗിക്കാത്ത ടാപ്പുകൾ നിക്കംചെയ്യും

കൗൺസിലർമാരിൽ നിന്നും പൊതുടാപ്പുകളുടെ ലിസ്റ്റ് തയ്യാറാക്കി സംയുക്ത പരിശോധന നടത്തും

നഗരസഭ ജനപ്രതിനിധികളും വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരുടെയും വാട്സ്ആപ്പ് ഗ്രൂപ്പ് സജ്ജമാക്കും