ആലുവ: യു.സി കോളേജ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വിവിധ മേഖലകളിൽ മികവ് തെളിയിച്ച 100 പൂർവ വിദ്യാർത്ഥികളെ ശതാബ്ദി പ്രതിഭാ പുരസ്‌കാരം നൽകി ആദരിക്കുമെന്ന് പ്രിൻസിപ്പൽ ഡോ.എം.ഐ. പുന്നൂസ്, മാനേജർ തോമസ് ജോൺ എന്നിവർ അറിയിച്ചു. ഭരണനിർവഹണ രംഗത്ത് മികച്ച സംഭാവനകൾ നൽകിയ 103 വയസുകാരനായ പൂർവവിദ്യാർത്ഥി റിട്ട. കേണൽ പി.വി. തമ്പിക്കാണ് ആദ്യ പ്രതിഭാ പുരസ്‌കാരം.

കായിക പ്രതിഭ പുരസ്കാര വിതരണം ഏപ്രിൽ എട്ടിന് ഉച്ചക്ക് 2ന് ഒളിമ്പ്യൻ എം.ഡി. വത്സമ്മ ഉദ്ഘാടനം ചെയ്യും. സ്പോർട്ട്സ് ഓഫ് ഇന്ത്യ റീജിയണൽ ഡയറക്ടർ ഡോ. ജി. കിഷോർ മുഖ്യാതിഥിയായിരിക്കും. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ടിനു യോഹന്നാൻ പങ്കെടുക്കും.

ശതാബ്ദി ആഘോഷം മേയ് അവസാനവാരം നടക്കും. അതിന് മുമ്പായി മറ്റ് മേഖലയിൽ നിന്നുള്ളവരുടെ ആദരിക്കൽ ചടങ്ങുകളും സംഘടിപ്പിക്കും. അന്തരിച്ച കവി എൻ.കെ. ദേശത്തിന് മരണാന്തര ബഹുമതിയായി പുരസ്കാരം സമ്മാനിക്കും.

കായിക വിഭാഗം മേധാവി ഡോ. എം. ബിന്ദു, ജിതിൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.