ആലുവ: ആലുവയിൽ പേവിഷ ബാധയുള്ള നായ വഴിയാത്രക്കാരെ കടിച്ച സംഭവത്തെ തുടർന്ന് നഗരത്തിലെ മുഴുവൻ തെരുവുനായ്‌ക്കൾക്കും അടിയന്തരമായി വാക്സിനേഷൻ നൽകാൻ നഗരസഭയുടെ ആരോഗ്യവിഭാഗം യോഗം തീരുമാനിച്ചു. നഗരസഭാ ചെയർമാൻ എം.ഒ. ജോണിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. വളർത്തുനായ്‌ക്കൾക്ക് വാക്സിനേഷൻ നൽകാൻ ഉടമകൾ അടിയന്തര നടപടി സ്വീകരിക്കണം. ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം അസാം സ്വദേശിയും കണ്ടിജൻസി ജീവനക്കാരനും ഉൾപ്പെടെ ഒമ്പത് പേരെയാണ് കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി നായ കടിച്ചത്. ചൊവ്വാഴ്ച രാവിലെ പട്ടേരിപ്പുറത്ത് പ്രഭാതസവാരിക്കിടെ അഭിഭാഷകനായ മൊഹിയുദ്ദീനെ കടിച്ചതും ഇതേ നായയാണെന്ന് വ്യക്തമായിട്ടുണ്ട്.

എല്ലാവരും ആദ്യഘട്ട ആന്റി റാബിസ് വാക്‌സിൻ സ്വീകരിച്ചു. തുടർ ഡോസുകൾ മുടങ്ങാതെ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ടവരെ അറിച്ചിട്ടുണ്ട്. അസാം സ്വദേശിയെ മാത്രം ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് ആരോഗ്യ വിഭാഗം അധികൃതർ പറഞ്ഞു.