
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ എൻഫോഴ്മെന്റ് ഡയറക്ടറേറ്റിൽ ഹാജരായ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസിനെ ആദായനികുതി വകുപ്പും ചോദ്യം ചെയ്തു. രാവിലെ 11ന് ആരംഭിച്ച് രാത്രിയും തുടർന്നു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കൗൺസിലറുമായ പി.കെ. ഷാജനെയും ഇ.ഡി ഇന്നലെ ചോദ്യം ചെയ്തു. ഷാജനെ രാത്രി പത്തോടെ വിട്ടയച്ചു.
ദേശസാത്കൃത ബാങ്കിന്റെ തൃശൂരിലെ ശാഖയിൽ നിന്ന് വൻതുക പിൻവലിച്ചതുമായി ബന്ധപ്പെട്ടാണ് ആദായനികുതി വകുപ്പിന്റെ ചോദ്യംചെയ്യൽ. പിൻവലിച്ച തുക സി.പി.എമ്മിന്റെ അക്കൗണ്ടിൽ നിന്നാണെന്ന് ഇന്നലെ രാവിലെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. പാർട്ടി നൽകിയ റിട്ടേണിൽ ഈ ഇടപാട് രേഖപ്പെടുത്തിയിട്ടില്ല. ബാങ്കിൽ പരിശോധന നടത്തി ശേഖരിച്ച രേഖകൾ സഹിതമാണ് ആദായനികുതി ഉദ്യോഗസ്ഥർ ഇ.ഡി ഓഫീസിലെത്തി വർഗീസിനെ ചോദ്യം ചെയ്തത്.
സി.പി.എമ്മിന് ബാങ്കിൽ അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന കണ്ടെത്തലുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇ.ഡി ചോദിച്ചത്. ജില്ലയിലെ മറ്റു സഹകരണ ബാങ്കുകളിലെ 15 അക്കൗണ്ടുകളുടെ വിവരങ്ങളും തേടിയതായാണ് സൂചന. നാലാം തവണയാണ് വർഗീസിനെ ഇ.ഡി ചോദ്യം ചെയ്യുന്നത്.
കരുവന്നൂർ തട്ടിപ്പ് അന്വേഷിക്കാൻ സി.പി.എം ജില്ലാ കമ്മിറ്റി നിയമിച്ച കമ്മിഷനിൽ അംഗമായിരുന്നു ഷാജൻ. കമ്മിഷൻ അംഗമായിരുന്ന മുൻ എം.പി പി.കെ. ബിജുവിനെ വ്യാഴാഴ്ച ചോദ്യം ചെയ്തിരുന്നു. തിങ്കളാഴ്ച വീണ്ടും ഹാജരാകാൻ ബിജുവിന് നോട്ടീസ് നൽകിയിട്ടുണ്ട്. സി.പി.എമ്മിന് രഹസ്യ അക്കൗണ്ടുകളില്ലെന്ന് വർഗീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
കോഴിക്കോട് മെഡി.
കോളേജിലെ പീഡനം:
അനിതയ്ക്ക് വീഴ്ചയെന്ന് മന്ത്രി
പത്തനംതിട്ട : കോഴിക്കോട് മെഡിക്കൽ കോളേജിലെ പീഡന കേസിൽ അതിജീവിതയ്ക്ക് അനുകൂലമായി മൊഴി നൽകിയ സീനിയർ നഴ്സിംഗ് ഓഫീസർ അനിതയെ കുറ്റപ്പെടുത്തി മന്ത്രി വീണാജോർജ്. ഡി.എം.ഇയുടെ അന്വേഷണ റിപ്പോർട്ടിൽ അനിതയുടെ വീഴ്ച വ്യക്തമാണെന്ന് മന്ത്രി പറഞ്ഞു. വീഴ്ച ബോദ്ധ്യപ്പെട്ടത് കൊണ്ടാണ് ജോലിയിൽ തിരിച്ചെടുക്കാത്തത്.
ഇത് ഹൈക്കോടതിയെ അറിയിക്കും. കോടതി പറയും പോലെ തുടർനടപടി സ്വീകരിക്കും.
അതിജീവിതയ്ക്കൊപ്പമാണ് സർക്കാർ. അനിത കൂടി ഡ്യൂട്ടിയിൽ ഉള്ളപ്പോഴാണ് വീഴ്ചയുണ്ടായത്. അതിന്റെ ഭാഗമാണ് നടപടി. അതിജീവിതയുടെ ഭാഗത്തുനിന്ന് ചിന്തിച്ചത് കൊണ്ടാണ് നടപടിയെടുത്തത്. ആക്രമണത്തിന് ഇരയായ ആളെ ആർക്കും കയറിച്ചെല്ലാവുന്ന ഇടത്ത് പാർപ്പിക്കരുതായിരുന്നു. വീഴ്ച വരുത്തിയ മറ്റുള്ളവർക്കെതിരെയും നടപടി എടുക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.