
കൊച്ചി: ടിക്കറ്റ് ആവശ്യപ്പെട്ടതിന്റെ ദേഷ്യത്തിൽ ടി.ടി.ഇയെ ഭിക്ഷാടകൻ ആക്രമിച്ച കേസ് തിരുവനന്തപുരം റെയിൽവേ പൊലീസ് അന്വേഷിക്കും. അതിക്രമത്തിന് ഇരയായ ടി.ടി.ഇ ആലുവ പുക്കാട്ടുപടി പടയാട്ടിൽവീട്ടിൽ ജയ്‌സൺ തോമസിന്റെ പരാതിയിൽ കേസെടുത്ത എറണാകുളം റെയിൽവേ പൊലീസ് സംഭവസ്ഥലം കണക്കിലെടുത്ത് തുടരന്വേഷണത്തിനായി എഫ്.ഐ.ആർ ഇന്നലെ തിരുവനന്തപുരം റെയിൽവേ പൊലീസിന് കൈമാറി.
55 വയസ് തോന്നിക്കുന്നയാളാണ് പ്രതി. സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ വേഗം പിടികൂടുകയാണ് ലക്ഷ്യമെന്ന് റെയിൽവേ പൊലീസ് പറഞ്ഞു.തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദിയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ഭിക്ഷക്കാരൻ ടി.ടി.ഇയുടെ കണ്ണിന് സമീപം മാന്തുകയായിരുന്നു. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ നീങ്ങിത്തുടങ്ങിയ ഉടനായിരുന്നു ആക്രമണം. പിന്നാലെ ഭിക്ഷക്കാരൻ ചാടി രക്ഷപ്പെട്ടു.പ്രതിയുടെ പക്കൽ ടിക്കറ്റും ഉണ്ടായിരുന്നില്ല.