
തോപ്പുംപടി: ഗുരുവായൂരപ്പന് നൃത്തം നൈവേദ്യമായി അർപ്പിക്കുമ്പോൾ പ്രായത്തെ തോൽപ്പിച്ച് കലയെ നെഞ്ചോട് ചേർത്തതിന്റെ ചാരിതാർത്ഥ്യത്തിലായിരുന്നു ഒമ്പത് വീട്ടമ്മമാർ. അമ്പത് വയസ് പിന്നിട്ട അമ്മമാരുടെ വാശിയായിരുന്നു ഭരതനാട്യ പഠനം. കൊച്ചിയിലെ നൃത്ത അഭ്യാസ കേന്ദ്രമായ കലാമന്ദിർ ഡാൻസ് അക്കാഡമിയുടെ ഡയറക്ടർ ആർ.എൽ.വി രാധാകൃഷ്ണനും ഭാര്യയും നൃത്താദ്ധ്യാപികയുമായ സീമയും പിന്തുണയുമായെത്തിയതോടെ പഠനം വേഗത്തിലായി. അമ്പത് മുതൽ 65 വയസ് വരെയുള്ള ഒമ്പത് പേർ കഴിഞ്ഞ രണ്ടിന് ഗുരുവായൂർ ക്ഷേത്രത്തിൽ അരങ്ങേറി. തോപ്പുംപടി വരമ്പത്ത് ക്ഷേത്രവുമായി ബന്ധപ്പെട്ട് യാത്ര പോയപ്പോൾ ഭരതനാട്യം സംബന്ധിച്ച് രാധാകൃഷ്ണൻ സംസാരിച്ചതാണ് അമ്മമാർക്ക് വഴിത്തിരിവായത്. കഴിഞ്ഞ 2 വർഷമായി പരിശീലനം നടത്തുന്നു.
എല്ലാ അമ്മമാരും കൊച്ചിക്കാരാണ്. പലരും റിട്ട. ഉദ്യോഗസ്ഥരാണ്. ചിലർ വീട്ടമ്മമാരും. രാധാകൃഷ്ണൻ വടുതല ചിൻമയ സ്കൂളിലെ അദ്ധ്യാപകനാണ്. സ്കൂൾ വിദ്യാർത്ഥികൾക്കായി സമ്മർ വെക്കേഷൻ ക്ളാസുകളും ഇവിടെ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 9446411665