 
കൊച്ചി: ഐ.എസ്.ആർ.ഒയുടെ സ്‌പേസ് ട്യൂട്ടർ പദവി കാക്കനാട് കേന്ദ്രമായ വിക്രം സാരാഭായ് സയൻസ് സ്കൂളിനും പെരുമ്പാവൂർ പ്രഗതി അക്കാഡമിക്കും ലഭിച്ചു. സ്‌പേസ് ട്യൂട്ടർ പദവി ലഭിക്കുന്ന കേരളത്തിലെ ആദ്യ വിദ്യാലയങ്ങളാണിവ.
രാജ്ഭവനിൽ നടന്ന ചടങ്ങിൽ വിക്രം സാരാഭായ് സ്‌പേസ് സെന്റർ ഡയറക്ടർ ഡോ.എസ്. ഉണ്ണികൃഷ്ണൻ നായർ കൈമാറിയ സ്‌പേസ് ട്യൂട്ടർ ഒഫ് ഐ.എസ്.ആർ.ഒ അംഗീകാര സർട്ടിഫിക്കറ്റ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് സയൻസ് ഫൗണ്ടേഷൻ സി.ഇ.ഒ ഡോ. ഇന്ദിരാ രാജൻ, പ്രഗതി അക്കാഡമി പ്രിൻസിപ്പൽ സുചിത്ര ഷൈജിന്ത് എന്നിവർ സ്വീകരിച്ചു.
ഐ.എസ്.ആർ.ഒ മുൻ ചെയർമാനും വിക്രം സാരാഭായ് സയൻസ് ഫൗണ്ടേഷൻ ചെയർമാനുമായ ഡോ.ജി. മാധവൻ നായർ അദ്ധ്യക്ഷത വഹിച്ചു. മുൻ ചീഫ് സെക്രട്ടറിയും സയൻസ് ഫൗണ്ടേഷൻ മെന്ററുമായ ഡോ.വി.പി. ജോയ് പങ്കെടുത്തു.
വിദ്യാർത്ഥികളെ ബഹിരാകാശ ശാസ്ത്രവും സാങ്കേതികവിദ്യയും പഠിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അവസരം ഒരുക്കുന്നതാണ് സ്‌പേസ് ട്യൂട്ടർ പദവി.