മൂവാറ്രുപുഴ: എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജിന്റെ തൊടുപുഴ നിയോജക മണ്ഡലത്തിലെ സ്വീകരണ പര്യടനം ജനപങ്കാളിത്തംകൊണ്ട് ആവേശമായി. ഇരുപതോളം സ്വീകരണ കേന്ദ്രങ്ങളിലെത്തിയ സ്ഥാനാർത്ഥിയെ കാണാൻ സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനുപേർ വഴിയരികിലും വീട്ടുവളപ്പുകളിലും കാത്തുനിന്നു. രാവിലെ എട്ടിന് പൂമാല സ്വാമിക്കവലയിൽ സി.പി. എം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി സ്വീകരണ പരിപാടി ഉദ്ഘാടനംചെയ്തു.
ഭരണഘടനയെയും അത് നൽകുന്ന അവകാശങ്ങളെയും സംരക്ഷിക്കേണ്ടതിനെക്കുറിച്ച് സംസാരിച്ച ജോയ്സ്, ഭരണഘടനയെ ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമത്തിനെതിരെ പ്രതിരോധം തീർക്കാൻ പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ ശക്തി വർദ്ധിപ്പിക്കണമെന്ന് പറഞ്ഞു. പൗരത്വത്തിന് മതം മാനദണ്ഡമാക്കുകയാണിപ്പോൾ. പാർലമെന്റിൽ നിലവിൽ എതിർശബ്ദമില്ലെന്നും ജോയ്സ് പറഞ്ഞു. എൽ.ഡി.എഫ് മേഖല കമ്മിറ്റി ചെയർമാൻ ജോർജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നേതാക്കളായ പ്രൊഫ. കെ. ഐ .ആന്റണി, വി. വി .മത്തായി, മുഹമ്മദ് ഫൈസൽ, ടി കെ ശിവൻനായർ, വി.ആർ. പ്രമോദ്, റെജി കുന്നംകോട്ട്, അനിൽ രാഘവൻ, ജിമ്മി മറ്റത്തിപ്പാറ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് തുറന്ന ജീപ്പിലെ പര്യടനം പന്നിമറ്റം, പൂച്ചപ്ര, ഇളംദേശം, കുട്ടപ്പൻകവല, ആലക്കോട്, തട്ടക്കുഴ, പെരിങ്ങാശേരി, ചീനിക്കുഴി, ഉപ്പുകുന്ന്, ചാക്കപ്പൻകവല, ഉടുമ്പന്നൂർ, കരിമണ്ണൂർ ടൗൺ, കോട്ടക്കവല, കോടിക്കുളം, കാളിയാർ എന്നിവിടങ്ങൾ പിന്നിട്ട് വണ്ണപ്പുറത്ത് സമാപിച്ചു. സമാപന സമ്മേളനം പി.സി. ജോസഫ് ഉദ്ഘാടനം ചെയ്തു.