കൊച്ചി: പത്രികാ സമർപ്പണം പൂർത്തിയായതോടെ എറണാകുളം മണ്ഡലത്തിൽ ഇടത് വലത് എൻ.ഡി.എ സാരഥികൾ രണ്ടാംഘട്ട പ്രചാരണത്തിലേക്ക് കടന്നു. കലൂർ സ്റ്റേഡിയത്തിലെ പതിവ് പ്രഭാത നടത്തത്തിന് എത്തിയവർക്കൊപ്പമായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ ഇന്നലെ പ്രചാരണം ആരംഭിച്ചത്. ഭാര്യ അന്നയും ഒപ്പമുണ്ടായിരുന്നു. അമ്മമാർ ഓടിയെത്തി സ്ഥാനാർത്ഥിയെ കെട്ടിപ്പിടിച്ച് പിന്തുണ അറിയിച്ചു. സുംബാ ഡാൻസ് പരിശീലിക്കുന്നവർ ഒപ്പം ചേരാൻ ക്ഷണിച്ചു. ഡാൻസ് വലിയ വശമില്ലെന്ന് പറഞ്ഞ് ഹൈബി തടിതപ്പി. തുടർന്ന് എറണാകുളം മാർക്കറ്റിലെത്തിയ ഹൈബി പച്ചക്കറി വ്യാപാരികളെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു.
സ്ഥാപനങ്ങൾ സന്ദർശിച്ചും ഹൈബി പിന്തുണ തേടി. തുടർന്ന് കാശി മഠാധിപതി ശ്രീമദ് സംയമീന്ദ്ര തീർത്ഥയെ സന്ദർശിച്ച് അനുഗ്രഹം തേടി. ഹൈബി ഈഡന്റെ വാഹന പര്യടനത്തിന് ഇന്ന്തുടക്കമാകും.
പുലർച്ചെ അഞ്ചിന് ചമ്പക്കര മത്സ്യമാർക്കറ്റിൽ നിന്നാണ് എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്. കച്ചവടക്കാരെയും മത്സ്യംവാങ്ങാൻ എത്തിയവരെയും നേരിൽകണ്ട് വോട്ട്‌തേടി. മാർക്കറ്റിന്റെ ശോച്യാവസ്ഥ പരിഹരിക്കാമെന്ന് ഉറപ്പ് നൽകി. ശേഷം പൂണിത്തുറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രദർശനം നടത്തി. പ്രിയ സുഹൃത്തും ആദ്ധ്യാത്മികാചാര്യനുമായ എം.ആർ.എസ് മേനോനെ കണ്ട് വോട്ടുറപ്പിച്ചു. വൈകിട്ട് ബി.ടി.എച്ചിൽ നടന്ന എക് ഭാരത് ശ്രേഷ്ഠ ഭാരത് പരിപാടിയിലും ബി.ജെ.പി ജില്ലാ ഓഫീസിൽ ദേശീയ ജനാധിപത്യ സഖ്യം ലോകസഭ കോർ ടീം യോഗത്തിലും തൃപ്പൂണിത്തുറലായം കൂത്തമ്പലത്തിൽ നടന്ന പി രവിയച്ചൻ അനുസ്മരണ പരിപാടിയിലുംപങ്കെടുത്തു.
കുന്നകര അയിരൂർ പുളിഞ്ചോട് നിന്നാണ് ഇടത് സ്ഥാനാർത്ഥി കെജെ. ഷൈൻ ഇന്നലെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. മന്ത്രി പി.രാജീവ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് കരുമാല്ലൂർ, ആലങ്ങാട്, കടുങ്ങല്ലൂർ, ഏലൂർ, കളമശേരി എന്നിവിടങ്ങളിൽ വാഹനജാഥ. ഇന്ന് പഞ്ചിമകൊച്ചിയിലാണ് കെ.ജെ. ഷൈന്റെ പ്രചാരണം.