parivar
പായിപ്ര ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ 2023 - 24 സാമ്പത്തിക വർഷത്തെ സ് കോളർഷിപ്പ് തുക വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് രക്ഷിതാക്കൾ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ പരിവാർ ' സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. .ജോസ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്രുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ 2023 - 24 സാമ്പത്തിക വർഷത്തെ സ് കോളർഷിപ്പ് തുക വിതരണം ചെയ്യാത്തതിൽ പ്രതിഷേധം ശക്തം. കുട്ടികളുടെ രക്ഷിതാക്കൾ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ 'പരിവാർ" സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കളുടെ സ്നേഹ കൂട്ടായ്മ പ്രസിഡന്റ് ജയ്മോൾ ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. രക്ഷിതാക്കളായ സാബിറ റഫീക്ക്, ഹസീന മാഹിൻ, ജമാൽ പേണ്ടാനത്ത് , മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പായിപ്ര കൃഷ്ണൻ എന്നിവർ സംസാരിച്ചു. കഴിഞ്ഞ മാസം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ പ്രൊഫ. ജോസ് അഗസ്റ്റിനും രക്ഷിതാക്കളും നേരിൽ കണ്ടപ്പോൾ 2024 മാർച്ച് 15 നകം മുഴുവൻ തുകയും വിതരണം ചെയ്യുമെന്ന് ഉറപ്പ് ലഭിച്ചിരുന്നു . എന്നാൽ മാർച്ച് 31 കഴിഞ്ഞിട്ടും എല്ലാ കുട്ടികൾക്കും സ്കോളർഷിപ്പ് തുക ലഭിച്ചില്ല. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പദ്ധതി വിഹിതം സ്കോളർഷിപ്പിന് മാറ്റിവയ്ക്കാതെ ധനകാര്യ കമ്മീഷൻ സി .എഫ്. സി ഗ്രാൻഡ് തുകയാണ് പായിപ്ര ഗ്രാമപഞ്ചായത്ത് സ്കോളർഷിപ്പിനു വക കൊള്ളിച്ചത്. അതാണ് തുക ലഭിക്കാനുള്ള കാലതാമസത്തിന് കാരണം. മാർച്ച് 30 നകം സ്കോളർഷിപ്പ് തുക വിതരണം ചെയ്യണമെന്ന കർശന നിർദേശം നവകേരള സദസിലും തിരുവനന്തപുരത്തു നടത്തിയ മീറ്റിങ്ങിലും മുഖ്യമന്ത്രി നൽകിയിരുന്നു. സ്കോളർഷിപ്പ് തുക നിഷേധിച്ച സംഭവത്തിൽ പഞ്ചായത്ത് അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ ഓംബുഡ്സ്മാൻ, ഭിന്നശേഷി കമ്മീഷണർ, മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകുമെന്ന് രക്ഷിതാക്കളുടെ' സ്നേഹ കൂട്ടായ്മഅറിയിച്ചു.