pic

കൊച്ചി: നമ്മളേക്കാൾ പ്രായമുള്ള ഈ ഗ്രാമഫോൺ പാടുമോ എന്ന് ചോദിച്ചാൽ ബാവക്ക പഴയ റെക്കാഡ് പ്ലേ ചെയ്യും. 'വെള്ളാരം കുന്നിലെ, പൊൻമുളം കാട്ടിലെ..."

പണ്ടത്തെ കുഞ്ഞൻനാണയങ്ങൾമുതൽ വടക്കുനോക്കിയന്ത്രങ്ങൾ വരെ ബാവക്കയുടെ പുരാവസ്തു വില്പനക്കടയിലുണ്ട്. 1993ൽ വളാഞ്ചേരിയിൽ വിപുലമായ കട തുടങ്ങിയെങ്കിലും ഊരുചുറ്റിയുള്ള കച്ചവടമാണ് ഇഷ്ടം. പ്രായം 73 ആയെങ്കിലും മകനെ കട ഏൽപിച്ച് വാഹനത്തിൽ പുരാവസ്തുക്കളുമായി ചുറ്റിയടിക്കും.

കൗമാരത്തിലെ തൊഴിലന്വേഷണത്തിന്റെ ഭാഗമായി തിരൂർ കൂട്ടായി ഇരിക്കലകത്തുവീട്ടിൽ ബാവ ചെന്നെത്തിയത് മുംബയിലാണ്. അവിടെ വിദേശസാധനങ്ങളുടെ വില്പനയുമായി കഴിയുന്നതിനിടയിലാണ് പുരാവസ്തുക്കളോട് കമ്പംതോന്നിത്. ചിലത് വാങ്ങിസൂക്ഷിച്ചു. നാട്ടിലെത്തി പുരാവസ്തുക്കളുടെ ഫുട്പാത്ത് വ്യാപാരം തുടങ്ങി. 40 വർഷം മുമ്പാണത്. അതിന്റെ തുടർച്ചയെന്നപോലെയാണ് ഇപ്പോഴത്തെ ഊരുചുറ്രൽ.

ഒരിടത്ത് മൂന്നോനാലോ ദിവസം തുടരും. ബ്രിട്ടീഷ് ഭരണകാലത്തെ നാണയങ്ങൾ, എച്ച്.എം.വി ഗ്രാമഫോണുകൾ, ഇയർപീസും മൗത്ത്പീസും വെവ്വേറെയുള്ള ആദ്യകാല ടെലിഫോണുകൾ, ബ്രിട്ടീഷ് റോയൽ നേവിയുടെ നൂറ്റാണ്ടിലധികം പഴക്കമുള്ള ദൂരദർശിനികൾ, തരിമണൽനാഴിക, ഇംപീരിയൽ ഘടികാരങ്ങൾ, മണികൾ, വിളക്കുകൾ, വിഗ്രഹങ്ങൾ, പണപ്പെട്ടികൾ ഇവയെല്ലാം ശേഖരത്തിലുണ്ട്.

നയാപൈസയ്ക്ക് 30 രൂപ

പണ്ടത്തെ കുഞ്ഞൻനാണയങ്ങൾക്ക് കാലപ്പഴക്കത്തിൽ മൂല്യമേറിയെന്നതാണ് ശ്രദ്ധേയം. നയാപൈസയ്ക്ക് 30 രൂപയും ചില്ലിക്കാശിന് 60 രൂപയുമാണ് വില. ഓട്ടക്കാലണയ്ക്ക് 160രൂപ. കുതിരമുക്കാലിന് 120 നൽകണം. കാലഹരണപ്പെട്ട 2 പൈസാതുട്ടിന് പത്തിരട്ടിയാകും. വിക്ടോറിയൻ മറൈൻ ടെലിസ്കോപ്പുകൾക്ക് 5000-6000 രൂപയാണ് വില. ഗ്രാമഫോണുകൾക്ക് 7000 രൂപ വരെ. ക്ലോക്കുകൾക്ക് 4000- 5000.

വാങ്ങുന്നത് വൻനഗരങ്ങളിൽ നിന്ന്

പുരാവസ്തുക്കൾ ശേഖരിച്ച് വിൽക്കുന്ന മുംബയിലെ ഭെണ്ടി ബസാ‌ർ, ചെന്നൈ മൂർ മാർക്കറ്റ്, ഹൈദരാബാദ് ചാർമിനാറിനടുത്തുള്ള സൺഡേ മാർ‌ക്കറ്റ് എന്നിവിടങ്ങളിൽ നിന്നാണ് ബാവ സ്റ്റോക്കെടുക്കുന്നത്. മട്ടാഞ്ചേരി, പായ്ക്കപ്പൽ തുടങ്ങിയ സിനിമകളിൽ ചെറിയ വേഷംചെയ്തിട്ടുണ്ട്. ഭാര്യ: പരേതയായ ഉമ്മുക്കുൽസു. മക്കൾ: മുനീർ, ഷെമീർ, ജെയ്സത്ത്, സായിദ, സുബൈദ.