df

സോണിയാജിയും മക്കളും മാറിനിന്നാൽ കോൺഗ്രസിന്റെ കാര്യം ഞാനേറ്റുവെന്ന് രാഹുൽജിയുടെ ഒരേയൊരു അളിയനായ റോബർട്ട് വാദ്ര വളരെ വൈകിയാണെങ്കിലും പ്രഖ്യാപിച്ചതോടെ തിര‍ഞ്ഞെടുപ്പു രംഗം ഉഷാറായി. ആരെങ്കിലും നിർബന്ധിക്കുമെന്നു കരുതി വർഷങ്ങളായി കാത്തിരുന്നു മുഷിഞ്ഞപ്പോൾ സ്വന്തം നിലയ്ക്കു വ്യംഗ്യമായി പ്രഖ്യാപിക്കുകയായിരുന്നു. ചില കാര്യങ്ങൾ വെട്ടിത്തുറന്നു പറയാനാവില്ല. സമയം നോക്കി നൈസായി താങ്ങണം. കിട്ടിയാൽ ഊട്ടി, ഇല്ലെങ്കിൽ ചട്ടി. ആസ്ഥാന തള്ളുകാർ വൈകിയാണെങ്കിലും ആഞ്ഞ് തള്ളി രക്ഷപ്പെടുത്തുമെന്നാണ് വാദ്രാജിയുടെ പ്രതീക്ഷ. കഴിഞ്ഞതവണ രാഹുലളിയൻ നിലംപരിശായ അമേഠി മണ്ഡലം കേന്ദ്രമന്ത്രിയായ സ്മൃതി ഇറാനിയിൽ നിന്നു പിടിച്ചെടുക്കാൻ ഇതല്ലാതെ വേറെ വഴിയില്ലെന്ന് മൂപ്പർ പറയുന്നതിൽ കാര്യമില്ലാതില്ല. കൈനിറയെ കാശും മനം നിറയെ മോഹങ്ങളുമുള്ളതിനാൽ വാദ്രാജിക്ക് ധൈര്യമായി കളത്തിലിറങ്ങാം. കോൺഗ്രസുകാർ ഭാഗ്യവാന്മാരാണ് - പുതിയൊരു ഗാന്ധിയെ കിട്ടി. ഇനി റോബർട്ട് വാദ്ര ഗാന്ധിജിയുടെ നാളുകളാണെന്നു പ്രതീക്ഷിക്കാം.
വെറും ശുദ്ധനായ രാഹുൽജിയെ ചില വാർറൂം മേധാവികൾ സ്ഥിരമായി പറ്റിക്കുന്നതിൽ വാദ്രാജിക്ക് വളരെ സങ്കടമുണ്ട്. കോൺഗ്രസിനെ ഒന്നു ശരിപ്പെടുത്തിയെടുക്കാൻ എന്താണൊരു വഴിയെന്നു കുറേ നാളായി ആലോചിക്കുകയായിരുന്നു. പാർട്ടിയെ രക്ഷിക്കാൻ ആരുവരുമെന്ന ആധികയറി ഉച്ചയുറക്കത്തിൽ നിന്നു ഞെട്ടിയുണർന്ന് അബദ്ധത്തിൽ കണ്ണാടിയിലേക്കു നോക്കിയപ്പോൾ ആളെ കണ്ടെത്തി. കോൺഗ്രസ് പ്രസിഡന്റല്ല, പ്രധാനമന്ത്രിയാകാനും പറ്റിയ ആൾതന്നെ.
ഈ സത്യം ഭാര്യവഴി സോണിയാമ്മയെ അറിയിക്കാമെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നെ വേണ്ടെന്നു വച്ചു. ചാനലുകാരോട് പറയുന്നതാണ് എന്തുകൊണ്ടും സേഫ് എന്ന് ആലോചിച്ചപ്പോൾ തോന്നി. മൊത്തത്തിലുള്ള പ്രതികരണം അനുകൂലമാണോ പ്രതികൂലമാണോയെന്ന് അറിയാൻ നടത്തിയ പരീക്ഷണം വൻ വിജയമായി. വാദ്ര ഗാന്ധി കീ ജയ് വിളിച്ച് കുറേ ഖദറുകാർ രംഗത്തിറങ്ങുകയും പടക്കം പൊട്ടിക്കുകയും ചെയ്തു. എന്നാൽ ഇവരെയെല്ലാം വാദ്രാജി തന്നെ കാശുകൊടുത്ത് ഇറക്കിയതാണെന്ന് ചില അസൂയാലുക്കൾ പറഞ്ഞു പരത്തുകയാണ്. പേടിച്ചരണ്ട പരിവാറുകാരാണ് ഇതിനു പിന്നിൽ. വേണ്ടപ്പെട്ടവരെ വേണ്ടവിധത്തിൽ കൈകാര്യം ചെയ്യാനറിയാവുന്ന വാദ്രാജി വന്നാൽ രക്ഷയില്ലെന്ന് സംഘികൾക്കറിയാം. മരുമോനെ നന്നായി അറിയാവുന്ന സോണിയാമ്മ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. രാജ്യത്തിനും ഗാന്ധി കുടുംബത്തിനും വേണ്ടി വലിയൊരു ത്യാഗം ചെയ്യാൻ സന്നദ്ധത അറിയിച്ച അളിയനെ രാഹുൽജി രഹസ്യമായി അഭിനന്ദിച്ചെങ്കിലും പെങ്ങൾജിക്ക് അത്ര സുഖിച്ചില്ലെന്നാണ് സൂചനകൾ.

രാഷ്ട്രീയമായും താത്വികമായും മനുഷ്യത്വപരമായും വിശകലനം ചെയ്താൽ വാദ്രഗാന്ധിയുടെ ത്യാഗമനോഭാവം മാതൃകയാണെന്നു മനസിലാകും. ഒരു കുടുംബത്തിലെ മോനും മരുമോനും കൊച്ചുമോനുമെല്ലാം രാജ്യത്തിനായി ജീവിതം ഉഴിഞ്ഞുവയ്ക്കുന്നത് ജനങ്ങളുടെ സുകൃതമാണ്. പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ ഭർത്താവ് ആസിഫ് അലി സർദാരിക്ക് അവിടെ പ്രസിഡന്റാവാമെങ്കിൽ വാദ്രാജിക്ക് ഇവിടെ വെറുമൊരു സ്ഥാനാർത്ഥിയാകുന്നതിൽ തെറ്റില്ല. ജയിച്ചാൽ പാർട്ടി പ്രസിഡന്റും യോഗമുണ്ടെങ്കിൽ ഭാവിയിൽ പ്രധാനമന്ത്രിയും ആവാം. കഠിനാദ്ധ്വാനമുള്ള ചുമതല ഏറ്റെടുക്കാൻ കോടികൾ ലാഭമുള്ള ബിസിനസ് വേണ്ടെന്നു വയ്ക്കാനുള്ള വാദ്രാജിയുടെ ആ മനസ് കോൺഗ്രസുകാർ കാണാതെപോയി. നല്ല മനുഷ്യർ ആദ്യം അവഗണിക്കപ്പെട്ടാലും പിന്നീട് ഡബിൾ സ്ട്രോംഗായി തിരിച്ചെത്തും.

രാഹുലളിയന്റെ

സ്വന്തം...


പതിറ്റാണ്ടുകളായി കോൺഗ്രസിന്റെ കുത്തകയായിരുന്ന അമേഠിയിൽ കഴിഞ്ഞ തവണ രാഹുലളിയൻ തോറ്റതിൽ പെങ്ങളൂട്ടിയേക്കാളും സോണിയാമ്മയേക്കാളും സങ്കടം വാദ്രാജിക്കുണ്ട്. 2004, 2009, 2014 ലോക്‌സഭ തിരഞ്ഞെടുപ്പുകളിൽ രാഹുൽജി വിജയിച്ച മണ്ഡലമായിരുന്നു. ഭാര്യയോടൊപ്പം അമേഠിയിൽ ഒരുപാട് പര്യടനം നടത്തിയിട്ടുള്ള വാദ്രാജി ഒരു കാര്യം മനസിലാക്കിയിരുന്നു- കുടുംബക്കാരേക്കാൾ എല്ലാവർക്കും മരുമോനായ തന്നെയാണിഷ്ടം. ആ ഇഷ്ടം വോട്ടായാൽ ഒരു കുടുംബവും രാജ്യവും രക്ഷപ്പെടും.
രാഹുലളിയനെ തോൽപ്പിച്ചുവെന്ന വലിയ തെറ്റ് തിരുത്താൻ അമേഠിയിലെ ജനങ്ങൾക്ക് അവസരം നൽകണമെന്നും അവിടെ താൻ മത്സരിക്കാമെന്നും വാദ്രാജി പറഞ്ഞതിനോട് കേരളത്തിലെ കോൺഗ്രസുകാരാരും പ്രതികരിച്ചിട്ടില്ല. പവർ അറിഞ്ഞേ ബുദ്ധിയുള്ള മലയാളികൾ പ്രതികരിക്കൂ. കക്ഷിയുടെ മനസിലിരിപ്പ് പുറത്തുവന്ന സ്ഥിതിക്ക് കോൺഗ്രസിൽ വാദ്ര ഗ്രൂപ്പ് രൂപംകൊള്ളാൻ സാദ്ധ്യതയുണ്ടെന്ന് ചില സീനിയർ ഖദറുകാർ രഹസ്യമായി പറയുന്നു. പണവും പവറുമുള്ള ഗ്രൂപ്പാണെങ്കിൽ കൂട്ടച്ചാട്ടം പ്രതീക്ഷിക്കാം. അക്കാര്യത്തിലാണ് വാദ്രാജിയുടെ ആവേശവും സോണിയാമ്മയുടെ ആശങ്കയും.
വാദ്രാജിയുടെയും പ്രിയങ്കാജിയുടെയും മോൻ റെയ്‌ഹാനും വളരെ മിടുക്കനാണെന്ന് കോൺഗ്രസുകാരും ആസ്ഥാന ജ്യോത്സ്യൻമാരും വളരെ നേരത്തേ കണ്ടെത്തിയിട്ടുണ്ട്. ക്രിക്കറ്റിൽ ഓൾറൗണ്ടറായ പയ്യൻസ് ഒരുപാട് സ്റ്റമ്പുകൾ എറിഞ്ഞുവീഴ്ത്തുകയും സിക്‌സറുകൾ അടിക്കുകയും ചെയ്തിട്ടുണ്ട്. എതിരാളികളെ വീഴ്ത്താനും ലക്ഷ്യങ്ങൾ നേടാനുമുള്ള മിടുക്കാണ് ഇതിലൂടെ വെളിവാകുന്നതെന്ന് ജ്യോതിഷികൾ പ്രവചിക്കുന്നു. ഇതിനെല്ലാം പുറമേ നല്ലൊരു ഫോട്ടോഗ്രാഫറുമാണ്. പടമെടുക്കാനുള്ള ടെക്‌നിക്കുകൾ കടുവകൾ നിറഞ്ഞ ഒരു കാട്ടിൽ കൊണ്ടുപോയി അമ്മയാണ് പഠിപ്പിച്ചത്. അപ്പൂപ്പൻ രാജീവ് ഗാന്ധിയും നല്ലൊരു ഫോട്ടോഗ്രാഫറായിരുന്നു. കോൺഗ്രസ് തളരുമെന്നും തകരുമെന്നും കരുതുന്ന സംഘികളും സഖാക്കളും ഇതൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

പേടിച്ച മൈക്കിനോട്

മുഖ്യമന്ത്രി ക്ഷമിച്ചു

മുഖ്യമന്ത്രിയും മൈക്കും തമ്മിലുള്ള ശത്രുത ഉടനെങ്ങും അവസാനിക്കുന്ന ലക്ഷണമില്ല. വൈക്കത്തിനടുത്ത് തലയോലപ്പറമ്പിൽ മാണിസാറിന്റെ പാർട്ടിക്കാരന്റെ തിരഞ്ഞെടുപ്പ് യോഗത്തിലും മൈക്ക് പണിപറ്റിച്ചു. മുഖ്യമന്ത്രിയുടെ പ്രസംഗം ടോപ് ഗിയറിലായപ്പോൾ പേടിച്ചുപോയ മൈക്ക് കഴുത്തൊടിഞ്ഞ് വീഴുകയായിരുന്നു. മന്ത്രിയടക്കമുള്ള വലിയ സഖാക്കളും കേരള കോൺഗ്രസ് നേതാവ് ജോസ്‌മോനും പ്രയോഗങ്ങൾ പലതും നടത്തിയിട്ടും മൈക്ക് തലപൊക്കിയില്ല. പിന്നീട് മറ്റൊരു മൈക്ക് സംഘടിപ്പിച്ചാണ് പ്രസംഗം തുടർന്നത്.

ഫ്‌ളോയങ്ങ് പോയിട്ടും മുഖ്യമന്ത്രിക്ക് ദേഷ്യം വന്നില്ലെന്നു മാത്രമല്ല, മൈക്കിനോട് ക്ഷമിക്കുകയും ചെയ്തു. അവിശ്വസനീയതോടെ നോക്കിയ സഖാക്കളെയും കേരളകോൺഗ്രസുകാരെയും നോക്കി മുഖ്യമന്ത്രി പുഞ്ചിരിക്കുകയും അവർ പൊട്ടിച്ചിരിക്കുകയും ചെയ്തതോടെ യോഗം വൻവിജയമായി.

കേരള കോൺഗ്രസുകാരെയും സഖാക്കളെയും തമ്മിലടിപ്പിക്കാൻ ആരെങ്കിലും മൈക്കിൽ അട്ടിമറി നടത്തിയതാണോയെന്ന് സംശയിക്കാമെങ്കിലും അങ്ങനെയല്ല. രണ്ടു പാർട്ടിക്കാരും വലിയ ചങ്കൻമാരാണ്. പണ്ട് കേരള കോൺഗ്രസുകാരുടെ തല്ലുകൊണ്ട് ചില സഖാക്കൾ ഈ ഭാഗത്തുനിന്ന് കിലോമീറ്ററുകളോളം ഓടിയിട്ടുണ്ട്. അത്രവേഗത്തിലുള്ള ഓട്ടം അതിനു മുമ്പും ശേഷവും നാട്ടുകാർ കണ്ടിട്ടില്ല. ഓട്ടക്കാർ ചങ്ങാതിമാരായതോടെ കാഴ്ചകൾ ഇല്ലാതായി.