കൊച്ചി: കേരളത്തെ മാനംകെടുത്തിയ മൂവാറ്റുപുഴ ആൾക്കൂട്ട ആക്രമണത്തിൽ മരിച്ച അരുണാചൽ സ്വദേശി അശോക് ദാസ് (24) നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതയെന്ന് പൊലീസ്. പാചക തൊഴിലാളിയായ അശോക് ദാസിനെ കെട്ടിയിട്ട് മർദ്ദിച്ച് അവശനാക്കി. തലയ്ക്കും ശ്വാസകോശത്തിനും സാരമായ പരിക്കേറ്റു. ഇതുമൂലം രക്തം കട്ടപിടിച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കസ്റ്റഡിയിലെടുത്ത 10 പേരുടെ അറസ്റ്റ് ഇന്നലെ രാവിലെ മൂവാറ്റുപുഴ പൊലീസ് രേഖപ്പെടുത്തി.
വാളകം സ്വദേശികളായ വിജീഷ്, അനീഷ്, സത്യൻ, സൂരജ്, കേശവ്, ഏലിയാസ് കെ. പോൾ, അമൽ, അതുൽകൃഷ്ണ, എമിൽ, സനൽ എന്നിവരാണ് അറസ്റ്റിലായത്. കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മർദ്ദനരംഗങ്ങൾ ചിലർ മൊബൈൽ ഫോണുകളിൽ പകർത്തിയിരുന്നു. അശോക് ദാസ് മരിച്ചതോടെ ദൃശ്യങ്ങൾ നീക്കി. സൈബർ സെല്ലിന്റെ സഹായത്തോടെ ഇവ വീണ്ടെടുത്തിട്ടുണ്ട്. അശോക് ദാസിന്റെ സുഹൃത്തായ യുവതിയുടെ മൊഴിയും ഇന്നലെ രേഖപ്പെടുത്തി. വാളകത്തെ ഇവരുടെ വീട്ടിലെത്തി മടങ്ങുമ്പോഴാണ് ഇയാൾ ആക്രമണത്തിന് ഇരയായത്. സ്ഥലത്തെ സി.സി.ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.
വാളകം ജംഗ്ഷനിലെ രുചിക്കൂട്ട് ഹോട്ടലിലെ ചൈനീസ് കുക്കായിരുന്നു അശോക് ദാസ്. ഇവിടെ ജോലി ചെയ്യവേയാണ് തിരുവാണിയൂർ സ്വദേശിനിയുമായി സൗഹൃദത്തിലായത്. ഒരുമാസം മുമ്പ് വാളകം വിട്ട ഇയാൾ സംഭവദിവസം തിരിച്ചെത്തി. മദ്യലഹരിയിൽ വൈകിട്ട് 5.30ന് യുവതിയെ തെരഞ്ഞ് വാടക വീട്ടിലെത്തി. ഈസമയം യുവതിക്കൊപ്പം താമസിക്കുന്ന അഭിഭാഷകയാണ് ഇവിടെ ഉണ്ടായിരുന്നത്. മടങ്ങിപ്പോയെങ്കിലും രാത്രി വീണ്ടുമെത്തി വാക്കുതർക്കത്തിനിടെ വീട്ടിലെ ഷോകെയ്‌സും മറ്റും തല്ലപ്പൊട്ടിച്ചു. മുറിവേറ്റ കൈയ്യുമായി ഓടിരക്ഷപ്പെടുന്നതിനിടെയാണ് നാട്ടുകാർക്ക് ഇടയിൽ പെട്ടത്. പ്രതികളെ ഇന്നലെ ഉച്ചയോടെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. മൂവാറ്റുപുഴ ഡിവൈ.എസ്.പി പി.ജെ. തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
യൂട്യൂബർ മുന്നു
റാപ് സംഗീതം അവതരിപ്പിക്കുന്ന യൂട്യൂബറായിരുന്നു മരിച്ച അശോക് ദാസ്. എം.സി മുന്നുവെന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കേരളത്തിൽ ചിത്രീകരിച്ച പാട്ടുകളും അപ്ലോഡ് ചെയ്തിട്ടുണ്ട്. മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ നിന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അശോക് മരിച്ചത്. മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.
ആൾക്കൂട്ട മർദ്ദനമില്ല: ദൃക്‌സാക്ഷികൾ
അശോക് ദാസിന്റെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയതല്ലെന്ന് ദൃക്‌സാക്ഷികൾ. മുറിവേറ്റ കൈയ്യുമായി കണ്ടത് ചോദ്യം ചെയ്തപ്പോൾ ഓടിപ്പോകാൻ ശ്രമിച്ചോടെ പിടികൂടി കെട്ടിയിട്ട ശേഷം പൊലീസിൽ അറിയിക്കുകയായിരുന്നു. കെട്ടിയിട്ട ശേഷം മർദ്ദിച്ചിട്ടില്ലെന്നും അതിനുമുൻപ് മർദ്ദന മേറ്റോ എന്നറിയില്ലെന്നും ദൃക്‌സാക്ഷികൾ പറയുന്നു.