കെ. കെ. രത്‌നൻ

വൈപ്പിൻ: ഏപ്രിൽ 14 മുതൽ നടക്കാറുള്ള പൊക്കാളി പാടത്തെ ചെമ്മീൻ കെട്ട് കലക്കൽ ഇത്തവണ നീളും. ആറ് മാസത്തെ ചെമ്മീൻ കൃഷി സാധാരണ അവസാനിക്കുന്നത് ഏപ്രിൽ 14 നാണ്. ഈ സമയം പൊക്കാളി പാടങ്ങൾ ആറ് മാസത്തേക്ക് പാട്ടത്തിനെടുത്ത് ചെമ്മീൻ വാറ്റ് നടത്തുന്നവരുടെ കൈവശമായിരിക്കും. കാലാവധിക്ക് ശേഷം പൊതുജനങ്ങളിൽ ആർക്ക് വേണമെങ്കിലും ചെമ്മീൻ കെട്ടുകളിൽ കയറി മീൻ പിടിക്കാം.

വൈറസ് ബാധയും കാലാവസ്ഥ വ്യതിയാനവും മൂലം കെട്ടുകളിൽ മീനും ചെമ്മീനും കുറഞ്ഞതുമൂലം നഷ്ടത്തിലാണ് പാടങ്ങൾ പാട്ടത്തിനെടുത്തവർ. ഈ സാഹചര്യത്തിൽ പാട്ടക്കാരുടെ സംഘടനയായ കേരള അക്വാഫാർമേഴ്‌സ് ഫെഡറേഷൻ നൽകിയ നിവേദനത്തെ തുടർന്നാണ് ഈമാസം 14 ന് അവസാനിക്കുന്ന ചെമ്മീൻ കൃഷി 30 വരെ തുടരാൻ സർക്കാർ അനുവദിച്ചത്.

എളങ്കുന്നപ്പുഴ, ഞാറക്കൽ, നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി, പള്ളിപ്പുറം, ഏഴിക്കര, കോട്ടുവള്ളി, വരാപ്പുഴ, കടമക്കുടി, ചെല്ലാനം, കുമ്പളങ്ങി പഞ്ചായത്ത് പ്രദേശങ്ങളിലാണ് ആറ് മാസം പൊക്കാളി കൃഷിയും ആറ് മാസം ചെമ്മീൻ കൃഷിയുമുള്ളത്.
പണ്ടൊക്കെ പാടശേഖരങ്ങളിലേക്ക് പുഴയിൽ നിന്നും ഒഴുകി വരുന്ന ചെമ്മീൻ കുഞ്ഞുങ്ങളും മീൻ കുഞ്ഞുങ്ങളും പാടശേഖരങ്ങളിൽ വളർത്തിയാണ് ചെമ്മീൻകൃഷി നടത്തിയിരുന്നതെങ്കിൽ ഹാച്ചറികളിൽ നിന്ന് കുഞ്ഞുങ്ങളെയും മീൻ കുഞ്ഞുങ്ങളെയും വാങ്ങി പാടശേഖരങ്ങളിൽ നിക്ഷേപിച്ച് വളർത്തുന്ന രീതിയാണ് ഇപ്പോൾ. ഇതിനു വേണ്ടി നല്ലൊരു സംഖ്യ ചെലവഴിക്കേണ്ടി വരും. ഉല്പാദന ചെലവും പാട്ടത്തുകയും കഴിച്ച് ബാക്കി വരുന്നതാണ് നടത്തിപ്പുകാർക്ക് ലാഭം.

മുമ്പ് ഒരു തവണ മാത്രമാണ് കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നതെങ്കിൽ ഇത്തവണ മൂന്ന് തവണ കുഞ്ഞുങ്ങളെ നിക്ഷേപിക്കേണ്ടി വന്നു. അവസാനം നിക്ഷേപിച്ചവയുടെ വളർച്ച എത്തിയിട്ടുമില്ല. ഇക്കാരണങ്ങളാലാണ് രണ്ടാഴ്ചത്തേക്കു കൂടി ചെമ്മീൻ വാറ്റിന് അനുമതിയായത്.

പാട്ടക്കാ‌‌ർക്ക് തിരിച്ചടിയായത്

ചൂട് ക്രമാതീതമായി കൂടിയത്

പടർന്നു പിടിച്ച വൈറസ് രോഗം

കെട്ട് കലക്കലിനു വേണ്ടി കാത്തിരുന്ന നാട്ടുകാർക്ക് ഈ വർഷം വിഷുവിനോടനുബന്ധിച്ച് പാടങ്ങളിൽ ഇറങ്ങാനാവില്ല.

സംഘർഷ സാദ്ധ്യത

കെട്ട് കലക്കിന് മുന്നേ കൈയ്യേറ്റങ്ങൾ കൂടിയേക്കും

നാട്ടുകാരായ മത്സ്യത്തൊഴിലാളികളും പാട്ടക്കാരും തമ്മിൽ സംഘർഷം ഉണ്ടാകും