മൂവാറ്റുപുഴ: കർഷകർക്കും, കുടിവെള്ളം വേണ്ടവർക്കും ഇരുട്ടടിയായി കാവന ലിഫ്റ്റ് ഇറിഗേഷൾ പമ്പ് ഹൗസിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു, ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് മുൻ എം.എൽ.എ എൽദോ എബ്രഹാമിന്റെ ഇടപെടലിൽ വൈദ്യുതി കണക്ഷൻ പുന:സ്ഥാപിച്ചു. കാവന ലിഫ്റ്റ് ഇറിഗേഷന്റെ പമ്പ് ഹൗസിലെ വൈദ്യുതി ബന്ധം 34,000 രൂപയുടെ ബില്ലടവിന്റെ പേരിൽ വിച്ഛേദിച്ചത് വൻ പ്രതിഷേധത്തിനാണ് വഴിവച്ചത്. ഈ മാസം 3ന് ഒരു മുന്നറിയിപ്പുമില്ലാതെയാണ് വൈദ്യുതി വകുപ്പിന്റെ നടപടി. ആരക്കുഴ പഞ്ചായത്തിലെ 5-ാം വാർഡിലെ മേമടങ്ങ് പ്രദേശത്തെ ഇരുന്നൂറോളം കർഷകരാണ് ബുദ്ധിമുട്ടിലായത്. കനത്ത വേനലിൽ കർഷകർക്ക് കൃഷിക്കും ജനങ്ങളുടെ കുടിവെള്ള ക്ഷാമത്തിനും പരിഹാരമായിരുന്ന പദ്ധതിയുടെ വൈദ്യുതി കണക്ഷനാണ് വിച്ചേദിച്ചത്. 1980-ൽ ആരംഭിച്ച കാവന ലിഫ്റ്റ് ഇറിഗേഷൻ സ്കീം വഴി പുഴയിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് ചെറുകനാൽ വഴി കർഷകരുടെ ഭൂമിയിലേക്ക് വെള്ളം തിരിച്ച് വിടുന്നതാണ് പദ്ധതി. മേമടങ്ങ് പ്രദേശത്തെ വീടുകളിലെ കിണറുകളിൽ വെള്ളം നിലനിർത്തുന്നതും ഇത് വഴി കുടിവെള്ള ക്ഷാമപരിഹാരം സാധ്യമാകുന്നതും ജനങ്ങൾക്ക് വലിയ ആശ്വാസമാണ്. കൊടുംവേനലിൽ ജലവിതരണം മുടങ്ങിയതിന് കാരണം വൈദ്യുതി വകുപ്പിന്റെ അനാവശ്യ നടപടിയാണെന്ന് ആരക്കുഴ പഞ്ചായത്ത് അംഗം സെലിൻ ചെറിയാൻ പറഞ്ഞു. ഇന്നലെ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ,ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരുമായി മുൻ എം.എൽ.എ എൽദോ എബ്രഹാം സംസാരിച്ച് ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ വൈദ്യുതി കണക്ഷൻ പുന:സ്ഥാപിച്ച് നൽകുകയായിരുന്നു. കടുത്ത വേനലിൽ ജനം കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോൾ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധിയെ കാണാനില്ലെന്നും അടിയന്തിരമായി ജലക്ഷാമം പരിഹരിക്കാർ ഉന്നതതല യോഗം വിളിച്ച് കൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.