വൈപ്പിൻ : ചെറായി ദേവസ്വം നട ജംഗ്ഷനിൽ അപകടം പതിവാകുന്നു. ഇന്നലെ രാവിലെ പത്തരയോടെ കാറുമായി കൂട്ടിയിടിച്ച് ടൂവീലറിൽ നിന്നും തെറിച്ചുവീണ കുട്ടിക്ക് പരിക്കേറ്റു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്തീകളാണ് രണ്ട് വാഹനങ്ങളും ഓടിച്ചിരുന്നത്. അപകടത്തെ തുടർന്ന് അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
വൈപ്പിൻ മുനമ്പം സംസ്ഥാന പാതയിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനാണ് ചെറായി ദേവസ്വം നട. ശനി, ഞായർ ദിവസങ്ങളിൽ ചെറായി ബീച്ചിലേക്ക് പോകുന്നവരുടെ തിരക്ക് മൂലം ജംഗ്ഷനിൽ വാഹനക്കുരുക്ക് പതിവാണ്. അപകടങ്ങളും പതിവാണ്. ജംഗ്ഷനിൽ സ്ഥാപിച്ചിട്ടുള്ള ട്രാഫിക് സിഗ്‌നൽ പ്രവർത്തിക്കാതായിട്ട് വർഷങ്ങളേറെയായി. മുനമ്പം പൊലീസ് മുൻ കൈ എടുത്ത് റസിഡൻസ് അസോസിയേഷനുകളുടേയും വ്യാപാരികളുടേയും സഹകരണത്തോടെ സ്ഥാപിച്ച സി. സി. ടി. വി. ക്യാമറയും കണ്ണടച്ചിട്ട് വർഷങ്ങളായി.