കൊച്ചി: സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവർക്ക് നീതി ലഭിക്കുന്നതിനുവേണ്ടി തെരുവിലിറങ്ങിയ കർഷർക്കും മലയോര നിവാസികൾക്കുമെതിരെ രജിസ്റ്റർചെയ്ത എല്ലാ കേസുകളും 20ന് മുമ്പ് പിൻവലിക്കണമെന്ന് സിറോമലബർ സഭ. വന്യജീവി ആക്രമണങ്ങളിൽനിന്ന് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളും പ്രതിപക്ഷപാർട്ടികളും പുലർത്തുന്ന നിസംഗതയ്ക്കെതിരെ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമാണ് സഭയുടെ നടപടി.
വനാതിർത്തികളിൽ കിടങ്ങുകളും വൈദ്യുതിവേലികളും നിർമ്മിച്ച് വന്യജീവികൾ കൃഷിഭൂമിയിലും റവന്യൂഭൂമിയിലും പ്രവേശിക്കുന്നതു തടയാൻ ആത്മാർത്ഥമായ ശ്രമം സംസ്ഥാന വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൊല്ലാൻ ജനങ്ങൾക്ക് അധികാരമുണ്ട്. ഇതു തടസപ്പെടുത്തുന്ന സമീപനമാണ് സംസ്ഥാന വനംവകുപ്പ് സ്വീകരിക്കുന്നത്.
മറ്റു സംസ്ഥാനങ്ങളുടെ മാതൃകയിൽ കേരളം സ്വതന്ത്ര വന്യജീവിനിയമം നിർമ്മിക്കാനോ ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങുന്ന വന്യജീവികളെ വെടിവയ്ക്കാനുള്ള അധികാരം പൊലീസ്, റവന്യൂ ഉദ്യോഗസ്ഥർക്ക് നൽകാനോ തയ്യാറാകുന്നില്ല. വന്യജീവി ആക്രമണങ്ങളെ തടയാൻ ശ്രമിക്കേണ്ടതിനുപകരം പ്രതിഷേധിക്കുന്നവർക്കെതിരെ കേസെടുക്കുകയും ജാമ്യമില്ലാവകുപ്പുകൾ ചുമത്തുകയുമാണ്. വലിയ പ്രതിഷേധങ്ങൾ ഉണ്ടാകുന്നിടത്തു മാത്രമാണ് ചെറിയതുകകളെങ്കിലും നഷ്ടപരിഹാരം നൽകുന്നത്.
എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഈ വിഷയങ്ങളിൽ ഇടപെടുകയും പ്രശ്‌നപരിഹാരത്തിനുള്ള സത്വര നടപടികൾ സ്വീകരിക്കാൻ സർക്കാരുകളിൽ സമ്മർദം ചെലുത്തുകയും ചെയ്യണമെന്ന് സിറോമലബാർ സഭ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ ചെയർമാൻ ആർച്ചുബിഷപ്പ് ആൻഡ്രൂസ് താഴത്ത് പറഞ്ഞു.