
കൊച്ചി: കനത്ത ചൂടിൽ വൈദ്യുതി ഉപഭോഗം വർദ്ധിച്ചതോടെ ട്രാൻസ്ഫോർമർ ട്രിപ്പാകുന്നത് പതിവാകുന്നു. അമിത ഉപഭോഗം താങ്ങാനാവാതെ സ്വയമേ ട്രാൻസ്ഫോർമറിലെ ഫ്യൂസ് അടിച്ചു പോകുകയാണ പതിവ്. ഇടപ്പള്ളി, കലൂർ, പാലാരിവട്ടം, വെണ്ണല സെക്ഷനുകൾക്ക് കീഴിലെ വൈദ്യുതി ഉപഭോഗം ഇരട്ടിയിലധികമാണ്. വൈകിട്ട് ആറു മുതൽ 12 വരെയുള്ള സമയങ്ങളിലാണ് വൈദ്യുതി മുടക്കം. എ.സി, ഫാൻ, കൂളർ, പമ്പ് സെറ്റ്, വൈദ്യുതി വാഹനങ്ങളുടെ ചാർജ്ജിംഗ് എന്നിവയുടെ ഉപഭോഗം വർദ്ധിച്ചു. ഇതോടെ ലൈൻമാൻമാർക്ക് നിൽക്കാൻ നേരമില്ല.
കലൂർ, വെണ്ണല സെക്ഷനുകൾക്ക് കീഴിൽ ആറു മുതൽ എട്ട് വരെ ട്രാൻസ്‌ഫോർമറുകൾ ദിവസവും ട്രിപ്പാകുന്നുണ്ട്. 30-45 മിനിറ്റെങ്കിലും വേണം വീണ്ടും ചാർജ് ചെയ്യാൻ. ഒരു ട്രാൻസ്‌ഫോർമറിലെ ഒരു ഫ്യൂസ് ട്രിപ്പായാൽ 50-60 വീടുകളിലെങ്കിലും ഇരുട്ടിലാകും.
പാലാരിവട്ടം സെക്ഷനു കീഴിൽ അഞ്ചു മുതൽ ഏഴ് വരെയും ഇടപ്പള്ളി സെക്ഷനു കീഴിൽ 8 മുതൽ 11 വരെയും ട്രാൻസ്‌ഫോർമറുകൾ ട്രിപ്പാകുന്നുണ്ട്.
ആകെയുള്ളത് രണ്ട് ലൈൻമാൻ
എല്ലാ കെ.എസ്.ഇ.ബി ഓഫീസുകളിലും രാത്രികാലങ്ങളിൽ രണ്ട് ലൈൻമാൻമാർ മാത്രമാണ് ഡ്യൂട്ടിയിലുണ്ടാവുക. ഇവരിൽ ആരെങ്കിലും മറ്റ് അത്യാവശ്യ ജോലികളിലാണെങ്കിൽ ട്രാൻസ്‌ഫോർമറുകളിലെ തകരാർ പരിഹരിക്കാൻ സമയം കൂടുതൽ വേണ്ടി വരും.
വൈദ്യുതി ഉപയോഗത്തിന്റെ പീക്ക് ടൈം കണക്കിലും കഴിഞ്ഞ ഒരു മാസത്തിനിടെ മാറ്റം വന്നു. സാധാരണ വൈകിട്ട് 6 മുതൽ 10വരെയാണ് പീക്ക് ടൈം. മീനച്ചൂട് മൂലം പ്പോഴത് 6 മുതൽ പുലർച്ചെ മൂന്ന് വരെയായി.
സംസ്ഥാനതല ട്രെൻഡ്...!
സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വീണ്ടും 10 കോടി യൂണിറ്റിനു മുകളിലായെന്ന് കഴിഞ്ഞ ദിവസം വകുപ്പ് വ്യക്തമാക്കി. മാർച്ച് അവസാന ശനിയാഴ്ച 10.17 കോടി യൂണിറ്റ് വൈദ്യുതിയാണ് ആകെ വേണ്ടി വന്നത്. കൂടുതൽ വൈദ്യുതി ആവശ്യമുള്ള വൈകിട്ട് 6 മുതൽ 11 വരെ (പീക്ക്) സമയത്ത് 4977 മെഗാവാട്ടാണ് ഉപയോഗിച്ചത്.
എ.സി വില്പന കൂടി
നഗരത്തിലെ ഹോം അപ്ലൈൻസസ് കടകളിൽ എ.സിയുടെ വില്പന ദിനംപ്രതി കുത്തനെ കൂടുകയാണ്. ഏപ്രിലിന്റെ തുടക്കത്തിൽ ഒരു ദിവസം ശരാശരി 10 എ.സി വരെയാണ് ഒരു കടയിൽ നിന്ന് വിറ്റു പോയിരുന്നതെങ്കിൽ ഇപ്പോഴത് പതിനഞ്ചോ അതിനു മുകളിലേക്കോയെത്തി.