ചോറ്റാനിക്കര : മാലിന്യം വലിച്ചെറിയിൽ മുക്തമായ പഞ്ചായത്തായി പ്രഖ്യാപിച്ചിട്ട് മാസങ്ങളായെങ്കിലും മാലിന്യം കുന്നുകൂടി ചോറ്റാനിക്കര. ശുചിത്വ മിഷൻ പദ്ധതിയിൽ പഞ്ചായത്തിൽ സ്ഥാപിച്ച മിനി കളക്ഷൻ ഫെസിലിറ്റേറ്ററിൽ കുന്നുകൂടുകയാണ്. മാലിന്യം നീക്കം ചെയ്യാത്തത് ഗുരുതര പരിസ്ഥിതി, ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. മാലിന്യങ്ങൾ നീക്കാൻ അടിയന്തര നടപടി വേണമെന്ന് ആവശ്യം. ഇവിടങ്ങളിൽ തെരുവ് നായ ശല്യവും രൂക്ഷമാണ്.

നാല് ലക്ഷത്തി അയ്യായിരം രൂപ ചെലവാക്കി 9 വാർഡുകളിൽ 11 മാസം മുമ്പാണു മിനി കളക്ഷൻ ഫെസിലിറ്റേറ്റർ സ്ഥാപിച്ചത്. പ്ലാസ്റ്റിക്, ജൈവ,ചില്ല് മാലിന്യങ്ങൾ എന്നിവയ്ക്കായി പ്രത്യേക ശേഖരണസംവിധാനമുണ്ട്. വീടുകളിൽ നിന്നെടുക്കുന്ന മാലിന്യം അതാത് വാർഡുകളിൽ സ്ഥാപിച്ചിട്ടുള്ള മിനി കളക്ഷൻ ഫെസിലിറ്റേറ്ററിൽ നിക്ഷേപിക്കും. ഇവിടെനിന്ന് പ്രധാന സ്ഥലത്തേക്ക് എത്തിക്കുകയും അവിടെ നിന്ന് ക്ലീൻ കേരള മിഷൻ മാലിന്യം നീക്കം ചെയ്യുകയുമാണ് രീതി. എന്നാൽ ഹരിത കർമ്മ സേന മിനി കളക്ഷൻ ഫെസിലിറ്റേറ്ററിൽ നിന്ന് മാലിന്യം നീക്കുന്നില്ല. ഹരിത കർമ്മ സേന പ്ലാസ്റ്റിക് മാലിന്യം മാത്രമാണെടുക്കുന്നത്. ഇതോടെ സെന്ററിന് സമീപം നിരവധി പ്ലാസ്റ്റിക് ബാഗുകളിൽ മാലിന്യം കുമിഞ്ഞുകൂടിക്കിടക്കുന്നത്.

തെരുവ് നായ്ക്കളുടെ ശല്യം മൂലം ഇവിടെ അപകടങ്ങളും പതിവാണ്. മാസങ്ങൾക്കു മുമ്പ് തെരുവുനായ ഇടിച്ച് ബൈക്ക് യാത്രികൻ അമ്പാടിമലയിലെകളക്ഷൻ സെന്ററിന് സമീപം മരിച്ചിരുന്നു. അടിയാക്കൽ തോടും മാലിന്യം കുമിഞ്ഞു കൂടിയ നിലയിലാണ്. ഇത് പകർച്ചവ്യാധി സൃഷ്ടിക്കും എന്നാണ് നാട്ടുകാർ പറയുന്നു.

നിഷ്ക്രിയമായി ഹരിത കർമ്മ സേന

മാലിന്യ ശേഖരണത്തിന് ഹരിത കർമ്മ സേനയാണ് നിയോഗിച്ചിട്ടുള്ളത്. ഖരമാലിന്യങ്ങൾ സമയബന്ധിതമായി ശേഖരിക്കണമെന്നാണ് നിയമം. മാസം 50 രൂപ നിരക്ക് ഈടാക്കുന്നുണ്ടെങ്കിലും പ്ലാസ്റ്റിക് ഇതര വസ്തുക്കൾ ശേഖരിക്കുന്നില്ല. ഇത്തരം വേസ്റ്റുകൾ പൊതുവഴിയിലും കുടിവെള്ള സ്രോതസുകളിലും നിറയുകയാണ്.

സർക്കാർ നിശ്ചയിച്ചിട്ടുള്ള കലണ്ടർ പ്രകാരം ഈ മാസം മുതൽ തുണി വേസ്റ്റുകളും ഈ വേസ്റ്റുകളും ഹരിത കർമ്മ സേന ശേഖരിക്കും. 60 ശതമാനം ജനങ്ങളും മാലിന്യം വലിച്ചെറിയുന്ന പ്രവണത ഉപേക്ഷിച്ചു. തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

എം.ആർയ രാജേഷ്

പ്രസിഡന്റ്

ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്

നിരവധി തവണ പഞ്ചായത്ത് കമ്മിറ്റിയിലും റിവ്യൂ മീറ്റിംഗിലും മാലിന്യ പ്രശ്നം ചർച്ച ചെയ്തെങ്കിലും നടപടിയുണ്ടായില്ല.

ഷിൽജി രവി

രണ്ടാം വാർഡ് അംഗം