കൊച്ചി: പള്ളുരുത്തി സ്വദേശിനി നഴ്‌സിനെ മദ്ധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പള്ളുരുത്തി പെരുമ്പടപ്പ് വേളാങ്കണ്ണി സ്വദേശിനിയായ ടി.എം. മായയാണ് (37) മരിച്ചത്. മായയുടെ സുഹൃത്തും സ്വകാര്യ ആശുപത്രി അഡ്മിനിട്രേറ്റർ ഇൻചാർജുമായ ഉത്തർപ്രദേശ് സ്വദേശി ദീപക് കാട്ടിയാറിനെ ഭോപ്പാൽ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകമെന്നാണ് സംശയിക്കുന്നത്.

കൊച്ചിയിലെ ആശുപത്രിയിൽ നഴ്‌സിംഗ് കോളേജിൽ ട്യൂട്ടറായിരുന്നു മായ. ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയിൽ ജോലികിട്ടി മൂന്ന് വർഷം മുമ്പാണ് ഭർത്താവ് രാജുവിനൊപ്പം ലാൽഘട്ടിയിലേക്ക് താമസം മാറിയത്. ജോലിയൊന്നും ലഭിക്കാത്തതി​നെ തുടർന്ന് കൂലിപ്പണിക്കാരനായ രാജു അധികം വൈകാതെ നാട്ടിലേക്ക് തിരിച്ചുപോന്നു. 11വയസുകാരനായ മകനൊപ്പമാണ് വാടക അപ്പാർട്ട്മെന്റിൽ മായ കഴിഞ്ഞിരുന്നത്. ഭോപ്പാലിലേക്ക് പോയതിന് ശേഷം കുടുംബവുമായി ഇവർ കാര്യമായ ബന്ധം പുലർത്തിയിരുന്നില്ല. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് വാഹനാപകടത്തിൽ അമ്മ മരിച്ചെന്ന വിവരം മകൻ രാജുവിനെ വിളിച്ചറിയിച്ചത്.

സുഹൃത്തുക്കൾ നൽകിയ പണംകൊണ്ട് അന്ന് വൈകിട്ട് വിമാനമാർഗം രാജു ഭോപ്പാലി​ൽ എത്തിയപ്പോഴാണ് നടന്നകാര്യങ്ങൾ അറിഞ്ഞത്. സംഭവദിവസം മായ ദീപകിന്റെ ഫ്ലാറ്റിൽ പോയിരുന്നു. ഇവി​ടെ വച്ച് മായ കുഴഞ്ഞ് വീണെന്നും ഉടൻ ആശുപത്രിയിൽ എത്തിച്ചെന്നുമാണ് ദീപക് ആശുപത്രി അധികൃതരെ അറിയി​ച്ചത്. കഴുത്തിലും മറ്റും പാടുകൾകണ്ട് സംശയം തോന്നിയ ഡോക്ടർ വിവരം പൊലീസിന് കൈമാറുകയായിരുന്നു. ദീപകിന്റെ ഫ്ലാറ്റിൽ നടത്തിയ അന്വേഷണത്തിൽ രക്തക്കറയും മർദ്ദനത്തിന്റെ ലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നാണ് കൊച്ചി സിറ്റി പൊലീസിന് ലഭിച്ച വിവരം.

പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മായയുടെ മരണകാരണം വ്യക്തമാകൂ. പിതാവിന്റെ മരണത്തെ തുടർന്ന് അമ്മയും രണ്ട് സഹോദരിമാരുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം മായയായിരുന്നു. നാട്ടുകാരനായ രാജുവുമായി പ്രണയവിവാഹമായിരുന്നു. പാലക്കാടുള്ള സഹോദരിക്കൊപ്പമാണ് മായയുടെ അമ്മ കഴിയുന്നത്. മറ്റൊരു സഹോദരി കോയമ്പത്തൂരിലാണ്. കുടുംബം ഇതുവരെ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടില്ല. മായയുടെ സംസ്കാരം ഭോപ്പാലിൽ നടത്തി.