കൊച്ചി: സർക്കാർ നിർദ്ദേശം മറികടന്ന് അവധിക്കാല ക്ലാസുകൾ നടത്തുന്ന സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് യാത്രാ കൺസെഷൻ അനുവദിക്കാനാവില്ലെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു. ജൂൺ മുതൽ 10 മാസത്തേക്കാണ് കൺസെഷൻ അനുവദിക്കുന്നത്. കടുത്തവേനൽച്ചൂടിൽ കൺസ്ട്രക്ഷൻ മേഖലയിൽ ഉൾപ്പെടെ ജോലി നിറുത്തിവച്ചിരിക്കുന്നതിനാൽ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ട്. അതോടൊപ്പം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സാമ്പത്തിക നേട്ടത്തിനുവേണ്ടിമാത്രം നടത്തുന്ന അവധിക്കാല ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുകൂടി കൺസെഷൻ നൽകാൻ നിർവാഹമില്ല. വിദ്യാർത്ഥികളും രക്ഷിതാക്കളും ഉദ്യോഗസ്ഥരും തങ്ങളോട് സഹകരിക്കണമെന്ന് എറണാകുളം ജില്ല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സെക്രട്ടറി കെ.ബി. സുനീർ ആവശ്യപ്പെട്ടു.