അങ്കമാലി: കനത്ത ചൂടിൽ ശുദ്ധജല ലഭ്യത കുറഞ്ഞ സാഹചര്യത്തിൽ മഞ്ഞപ്പിത്തം വ്യാപകമാകുന്നു. അങ്കമാലി,​ മഞ്ഞപ്ര,​ മലയാറ്റൂർ,​ മൂക്കന്നൂർ,​ കാലടി,​ ചെങ്ങമനാട് മേഖലയിലാണ് രോഗം പടരുന്നത്. സർക്കാർ ആശുപത്രികളിൽ രോഗികൾ എത്തുന്നത് കുറവായതിനാൽ ശരിയായ കണക്കുകൾ ലഭ്യമല്ല. അതിഥി തൊഴിലാളികൾ മെഡിക്കൽ ഷോപ്പിൽ നിന്ന് പനിക്കും ശരീരവേദനയ്ക്കും മരുന്നുകൾ വാങ്ങി സ്വയം ചികിത്സ നടത്തുന്നതിനാൽ ഇവരുടെ കണക്കുകളും ലഭ്യമല്ല. അങ്കമാലി നഗരസഭാ പ്രദേശത്ത് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും വ്യാപകമായിട്ടില്ലെന്നാണ് അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: സുനിൽ.ജെ.ഇളന്തട്ട് പറഞ്ഞത്. മഞ്ഞപ്പിത്തം ബാധിച്ചവരുമായി അടുത്തിടപഴകിയവരെ നിരീക്ഷിക്കുകയും ആവശ്യമായ രോഗപ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്തത് കാരണം രോഗം പകരാതെ നിയന്ത്രിക്കാനായിട്ടുണ്ട്. മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇപ്പോൾ രണ്ടു പേർ ചികിത്സയിലുണ്ട്. ജലത്തിൽ നിന്ന് പകരുന്നവയാണ് ഇപ്പോൾ കണ്ടുപിടിക്കപ്പെട്ട പല കേസുകളും. കഴിയുന്നതും കുടിവെള്ളം തിളപ്പിച്ചതിനുശേഷം മാത്രം ഉപയോഗിക്കുക,​ ഭക്ഷണപദാർത്ഥങ്ങൾ ആവശ്യത്തിനു മാത്രം പാചകം ചെയ്ത് ഉപയോഗിക്കുക,​ കാലത്ത് പാചകം ചെയ്ത ഭക്ഷണം രാത്രി ഉപയോഗിക്കുന്നത് ഒഴിവാക്കുക തുടങ്ങിയവയാണ് രോഗപ്രതിരോധത്തിനായി പ്രത്യേകം ചെയ്യേണ്ട കാര്യങ്ങൾ. തോടുകൾ,കുളങ്ങൾ,ജലാശയങ്ങൾ, കിണറുകൾ എന്നിവയിൽ നിന്നുള്ള വെള്ളം അധികൃതർ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. കടകളിലെ കുപ്പിവെള്ളവും പ്രത്യേകം പരിശോധിക്കുന്നുണ്ട്. ശുചിയായ വെള്ളമാണോ സംഭരിച്ചിരിക്കുന്നത് എവിടെ നിന്നാണ് അവ എത്തിച്ചത് തുടങ്ങിയ കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. മൂത്രം മഞ്ഞ നിറത്തിൽ പോവുക, കണ്ണിലെ വെള്ള ഭാഗം മഞ്ഞനിറത്തിലാക്കുക, മുഖം മഞ്ഞനിറത്തിലാകുക തുടങ്ങിയവയാണ് പ്രത്യക്ഷത്തിൽ രോഗലക്ഷണമായി കണക്കാക്കുന്നത്. കരളിന്റെ പ്രവർത്തനങ്ങളെയാണ് പ്രധാനമായും രോഗം ബോധിക്കുന്നത്. ശരിയായ ചികിത്സ ലഭിച്ചാൽ ഗുരുതരമാകാനുള്ള സാധ്യത കുറവാണ്. മറ്റു രോഗങ്ങൾക്ക് സ്ഥിരമായി മരുന്നു കഴിക്കുന്നവർ വളരെ പെട്ടെന്ന് തന്നെ ശരിയായ ചികിത്സ തേടണം അല്ലെങ്കിൽ അതീവ ഗുരുതരമാകും.