കൊച്ചി: തിരഞ്ഞെടുപ്പ് കാലത്ത് കപ്പലിൽ ടിക്കറ്റ് ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ വോട്ടെടുപ്പിൽ പങ്കെടുക്കാനാകുമോയെന്ന ആശങ്കയിലാണ് കേരളത്തിലുള്ള ലക്ഷദ്വീപ് നിവാസികൾ. പഠനം, ചികിത്സ, ജോലി ആവശ്യാർത്ഥം കേരളത്തിലെത്തിയതാണ് ഇവർ.

ഏപ്രിൽ 19ന് ആദ്യഘട്ടത്തിലാണ് ലക്ഷദ്വീപിൽ തിരഞ്ഞെടുപ്പ്. ഏപ്രിൽ 22 വരെയുള്ള കപ്പൽ സർവീസുകൾക്ക് ബുക്കിംഗ് തുടങ്ങിയെങ്കിലും പലർക്കും ടിക്കറ്റ് കിട്ടിയിട്ടില്ല. ടിക്കറ്റുകൾ ഓൺലൈനായാണ് നൽകുന്നത്.

സോഫ്റ്റ്‌വെയറിലെ തകരാർ ഉൾപ്പെടെയുള്ള കാരണങ്ങളാൽ പലർക്കും പേയ്‌മെന്റ് വരെയെത്തി ടിക്കറ്റ് കിട്ടാത്ത അവസ്ഥയുണ്ടാകുന്നുണ്ട്. ഫാമിലി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ചിലർക്ക് കിട്ടുന്നുമില്ല. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനാണ് ടിക്കറ്റ് ബുക്കിംഗ് ചുമതല.

എം.വി കോറൽസ്, അറേബ്യൻ സീ, എം.വി ലഗൂൺസ്, എം.വി കവരത്തി കപ്പലുകളാണ് ദ്വീപിലേക്ക് സർവീസ്.

മൂവായിരത്തിലേറെ വോട്ടർമാർ ദ്വീപിന് പുറത്തുണ്ടെന്നും ഇതിൽ ആയിരത്തോളം പേർക്ക് ഇപ്പോഴും ടിക്കറ്റ് ഉറപ്പായില്ലെന്നും യൂത്ത് കോൺഗ്രസ് ലക്ഷദ്വീപ് പ്രസിഡന്റ് അലി അക്ബർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ദ്വീപുകൾ തമ്മിൽ സർവീസ് നടത്തുന്ന ചെറുകപ്പലുകൾ അധിക സർവീസിനായി ഉപയോഗിക്കാമെങ്കിലും അക്കാര്യം ഭരണകൂടം പരിഗണിക്കുന്നില്ല. ദ്വീപിൽ മതിയായ സൗകര്യങ്ങളില്ലാത്തതിനാലാണ് പലരും ചികിത്സ, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കേരളത്തിലേക്ക് എത്തുന്നത്. ഓഫ് ലൈൻ ടിക്കറ്റ് സൗകര്യം പുനസ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചെറിയ വോട്ടുകളുടെ വ്യത്യാസത്തിലാണ് ലക്ഷദ്വീപിൽ ജയപരാജയങ്ങളുണ്ടാകുന്നതെന്നതിനാൽ ഓരോ വോട്ടും സ്ഥാനാർത്ഥികൾക്ക് നിർണായകമാണെന്നും അലി അക്ബർ പറഞ്ഞു.