പതിവുതെറ്റിക്കാതെ തേറാട്ടിൽ കുടുംബം
നെടുമ്പാശേരി: ആറു പതിറ്റാണ്ടിലേറെയായി തുടരുന്ന പാരമ്പര്യം തെക്കെ അടുവാശേരി തേറാട്ടിൽ കുടുംബം ഇക്കുറിയും തെറ്റിച്ചില്ല. തേറാട്ടിൽ കുടുംബത്തിലെ മൂന്നാം തലമുറക്കാരൻ അജി (ഹരിദാസ്) യാണ് വിശുദ്ധ റംദാനിലെ 27ാം രാവിൽ പാലപ്രശേരി ജുമാമസ്ജിദിൽ നോമ്പ് തുറക്കാൻ ഇളനീരുമായെത്തിയത്. പാലപ്രശേരി ജുമാമസ്ജിദ് ചീഫ് ഇമാം മുഹമ്മദ് അസ്ലാമുേ മഹല്ല് ഭാരവാഹികളും ഇളനീർ ഏറ്റുവാങ്ങി.
ആറ് പതിറ്റാണ്ട് മുമ്പ് തേറാട്ടിൽ കുടുംബത്തിലെ അജിയുടെ മുത്തച്ചൻ വേലായുധനാണ് 27ാം രാവിൽ കരിക്ക് നൽകുന്നത് ആരംഭിച്ചത്. നാട്ടിലെ യുവാക്കളെല്ലാം ജാതി - മത വ്യത്യാസമില്ലാതെ സഹോദരങ്ങളെപ്പോലെയാണ് കഴിഞ്ഞിരുന്നത്. വേലായുധന്റെ പറമ്പിൽ മാവും തെങ്ങും കവുങ്ങുകളടക്കം സമൃദ്ധമായിരുന്നു. കാർഷിക വിളകളുടെ ആദ്യവിളവെടുപ്പ് ദേവാലയങ്ങളിൽ നൽകുന്ന മുൻകാല സംസ്‌കാരത്തിന്റെ ഭാഗമായിട്ടാണ് നോമ്പെടുക്കുന്ന മുസ്ലിം സഹോദരങ്ങൾക്ക് നോമ്പ് തുറക്കാൻ വേലായുധൻ ഇളനീർ പള്ളിയിലെത്തിച്ച് നൽകിയത്.
വേലായുധന്റെ കാലശേഷം മകൻ അച്ചുതനും മുടക്കമില്ലാതെ പിതാവിന്റെ പാത പിന്തുടർന്നു. 2002ൽ അച്ചുതൻ മരിച്ചെങ്കിലും അച്ഛന്റെയും മുത്തച്ഛന്റെയും പാത ഇളയ മകൻ അജി പിന്തുടരുകയായിരുന്നു.
അടുവാശേരി മുതലാളിപ്പീടികയിൽ ചായക്കട നടത്തുകയാണ് അജി. സ്വന്തം പറമ്പിൽ നിന്ന് ഇളനീര് ലഭിച്ചില്ലെങ്കിൽ ഗുണനിലവാരമുള്ള കരിക്കുകൾ മറ്റിടങ്ങളിൽ നിന്ന് വാങ്ങിയാണെങ്കിലും അജി പള്ളിയിൽ എത്തിക്കും. മിനിയാണ് അജിയുടെ ഭാര്യ ഡിപ്ലോമ വിദ്യാർത്ഥി അഭിരാമും പ്ലസ്ടു വിദ്യാർത്ഥിനി ആതിരയും മക്കളും.
....................
തന്റെ കാലശേഷവും പിതാമഹന്മാർ തുടങ്ങിവച്ച നന്മയുടെ പാത പിന്തുടരണമെന്ന് മക്കളെ ഓർമ്മപ്പെടുത്താറുണ്ട്.
അജി