
കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം മൂന്നാം ഘട്ടത്തിന്റെ മദ്ധ്യത്തിലെത്തി നിൽക്കേ സ്ഥാനാർത്ഥികൾ വാഹനപര്യടനത്തിലേക്ക് കടന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈൻ കഴിഞ്ഞ ദിവസം വാഹന പര്യടനം ആരംഭിച്ചു.
ഇന്നലെ, ചെല്ലാനം നോർത്ത്-സൗത്ത്, കണ്ണമാലി നോർത്ത്-സൗത്ത്, മുണ്ടംവേലി, തോപ്പുംപടി, തവേഭാഗം, പള്ളുരുത്തി, കുമ്പളങ്ങി നോർത്ത്-സൗത്ത് എന്നിവിടങ്ങളിലായിരുന്നു പര്യടനം. രാവിലെ മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ് പര്യടനം ഉദ്ഘാടനം ചെയ്തു.
എറണാകുളം മാർക്കറ്റ്, തൃക്കാക്കര, ഇടപ്പള്ളി സ്റ്റേഷൻകവല, തൃപ്പൂണിത്തുറ, ഉദയംപേരൂർ നടക്കാവ് എന്നിവിടങ്ങളിലായുള്ള
ഇന്നത്തെ പര്യടനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.
യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡന്റെ വാഹന പര്യടനത്തിന് തുടക്കമായി. രാവിലെ എട്ടിന് വടക്കേക്കരയിൽ നിന്നാണ് തുറന്ന വാഹനത്തിലുള സ്ഥാനാർത്ഥി പര്യടനത്തിന് തുടക്കമായത്. പുത്തൻവേലിക്കരയിലാണ് ഇന്നലത്തെ വാഹന പര്യടനം സമാപിച്ചത്.
വാഹനപര്യടനം ആരംഭിക്കുന്നതിനു മുന്നോടിയായി വോട്ടർമാരെ നേരിൽ കണ്ട് വോട്ടുതേടുന്ന എൻ.ഡി.എ സ്ഥാനാർത്ഥി ഡോ.കെ.എസ്. രാധാകൃഷ്ണൻ ഇന്നലെ ഫോർട്ട്‌കൊച്ചിയും മട്ടാഞ്ചേരിയും കേന്ദ്രീകരിച്ചാണ് പ്രചാരണം നടത്തിയത്.
ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ.ടി.പി. സിന്ധുമോൾ, കോർപ്പറേഷൻ കൗൺസിലർമാരായ അഡ്വ. പ്രിയ പ്രശാന്ത്, പദ്മജ.എസ്. മേനോൻ, രഘുറാം എന്നിവർ നേതൃത്വം നൽകി.
ചെറളായി, അമരാവതി, നസ്രത്ത് തുടങ്ങിയ ഇടങ്ങളിൽ നിരവധിപ്പേർ സ്ഥാനാർത്ഥിയെ കാണാനെത്തി. വൈകിട്ട് എൻ.ഡി.എ. ലോക്സഭ മണ്ഡലം മഹിളാ സമ്മേളനത്തിലും പങ്കെടുത്തു.
ആന്റണി ജൂഡി തൃപ്പുണിത്തുറയിൽ
ട്വൻറി-20 സ്ഥാനാർത്ഥി ആന്റണി ജൂഡി ഇന്നലെ തൃപ്പൂണിത്തുറയിലെ ഇരുമ്പനത്തുനിന്നുമാണ് പര്യടനം ആരംഭിച്ചത്. ട്വന്റി-20 പാർട്ടി ഉപദേശക സമിതി അംഗമായ നടൻ ശ്രീനിവാസനെ കണ്ടനാടുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ചു.
ഏരൂർ, കുരീക്കാട്, ചൂരക്കാട് തുടങ്ങിയ പ്രദേശങ്ങളിലും വോട്ട് തേടി. ട്വന്റി20 പാർട്ടി വൈസ് പ്രസിഡന്റ് വി. ഗോപകുമാർ, തൃപ്പൂണിത്തുറ നിയോജകമണ്ഡലം കോഓർഡിനേറ്റർ അബ്രഹാം. പി.വി. തുടങ്ങിയവർ പര്യടനത്തിന് നേതൃത്വം നൽകി.