കൊച്ചി: തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ വോട്ട് ഉറപ്പിക്കാനുള്ള തിരക്കിലാണ് ചാലക്കുടി മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ. യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാന്റെ വാഹന പ്രചരണ ജാഥ കൊരട്ടി മണ്ഡലത്തിലെ ഖന്നാ നഗറിൽ റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കാടുകുറ്റി, കൊടകര മണ്ഡലങ്ങളിൽ വോട്ടഭ്യർത്ഥന നടത്തി. ചാലക്കുടിയിലെ പ്രധാന സ്ഥാപനമായ എഫ്.സി.ഐ ഗോഡൗൺ തൊഴിലാളികളെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു.

രവീന്ദ്രനാഥി​ന് തെയ്യം ഒരുക്കി സ്വീകരണം

പെരുമ്പാവൂരിൽ വിഷുക്കണിയൊരുക്കിയായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ.സി. രവീന്ദ്രനാഥിനെ പ്രദേശവാസികൾ സ്വീകരിച്ചത്.

ശനിയാഴ്ച രാവിലെ കോടനാട് വടക്കമ്പള്ളിയിൽ വി.കെ കുമാരൻ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയായിരുന്നു പെരുമ്പാവൂർ മണ്ഡലത്തിലെ ആദ്യഘട്ട പൊതു പര്യടനം ആരംഭിച്ചത്. തുടർന്ന് പാണംകുഴിയിൽ തെയ്യം ഒരുക്കിയായിരുന്നു വോട്ടർമാർ സ്വീകരിച്ചത്.

പെരുമ്പാവൂർ നിയമസഭ മണ്ഡലത്തിലെ കൂവപ്പടി, അശമന്നൂർ, രായമംഗലം, വെങ്ങോല, വേങ്ങൂർ, മുടക്കുഴ, ഒക്കൽ തുടങ്ങിയ പഞ്ചായത്തുകളിലൂടെയായിരുന്നു ശനിയാഴ്ചത്തെ പര്യടനം കടന്നുപോയത്.

പ്രതിഷ്ഠാസമ്മേളനത്തി​ൽ പങ്കെടുത്ത് കെ.എ. ഉണ്ണിക്കൃഷ്ണൻ

എൻ.ഡി.എ. സ്ഥാനാർത്ഥി കെ.എ. ഉണ്ണിക്കൃഷ്ണൻ ചാലക്കുടി നിയോജക മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളും സന്ദർശിച്ചു. കാടുകുറ്റി ചാലക്കുടി മേഖലയിലെ ആരാധനാലയങ്ങളിലെ പ്രധാന വ്യക്തികളെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. എസ്.എൻ.ഡി.പി യോഗം കക്കാട് ശാഖയുടെ ഗുരുദേവ പ്രതിഷ്ഠാസമ്മേളനത്തിലും സ്ഥാനാർത്ഥി പങ്കെടുത്തു.

ട്വന്റി​ 20 പാർട്ടി സ്ഥാനാർത്ഥി ചാർളി പോളിന്റെ ഇന്നത്തെ പര്യടനം 9 മണിയോടെ മതിലകം പഞ്ചായത്തിലെ പള്ളിവളവിൽ നിന്നാരംഭിച്ചു. കയ്പമംഗലം നിയോജകമണ്ഡലത്തിലെ മതിലകം, പെരിഞ്ഞനം, കയ്പമംഗലം, ഇടത്തുരുത്തി എന്നീ പഞ്ചായത്തുകളിൽ പര്യടനം നടത്തി.